
സി.ബി.ഐയുടെ വീഴ്ചകളിൽ ഹൈക്കോടതി വിമർശനം.
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തുടരന്വേഷണാവശ്യം തള്ളിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ നടപടി. അഡീഷണൽ എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മജിസ്ട്രേട്ട് കോടതിവിധി ചോദ്യംചെയ്ത് ബാലഭാസ്കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണിയും ബി. ശാന്തകുമാരിയും സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഉത്തരവ്.
2018 സെപ്തംബർ 25ന് പുലർച്ചെ പള്ളിപ്പുറത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകൾ തേജസ്വിനി ബാലയും മരിച്ചത്. കേസ് അന്വേഷിച്ച സി.ബി.ഐ സാധാരണ അപകടമാണെന്ന നിഗമനത്തിലാണെത്തിയത്. എന്നാൽ സ്വർണക്കടത്ത് സംഘത്തിന് അപകടത്തിൽ പങ്കുണ്ടെന്ന മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് ഹൈക്കോടതി നേരത്തേ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടരന്വേഷണം നടത്തിയ സി.ബി.ഐ ഇൻസ്പെക്ടർ പഴയ കണ്ടെത്തലുകൾ ആവർത്തിച്ചു.മുമ്പ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനേക്കാൾ താഴ്ന്ന റാങ്കിലുള്ള ഇൻസ്പെക്ടറെ അന്വേഷണം ഏൽപിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഹൈക്കോടതി ചൂണ്ടിക്കാട്ടിയ 20 സംശയാസ്പദമായ സാഹചര്യങ്ങൾ ഗൗരവമായി പരിശോധിക്കുന്നതിൽ വീഴ്ച പറ്റിയെന്നും നിരീക്ഷിച്ചു.
ബാലഭാസ്‌കറിന്റെ മൊബൈൽ ഫോൺ സുഹൃത്തായ പ്രകാശ് തമ്പി കൈക്കലാക്കിയതും മാസങ്ങളോളം സൂക്ഷിച്ചതും തെളിവ് നശിപ്പിക്കാനാണെന്ന മാതാപിതാക്കളുടെ സംശയം തള്ളിക്കളയാനാവില്ലെന്ന് കോടതി പറഞ്ഞു.
കലാഭവൻ സോബി ജോർജിന്റെ വെളിപ്പെടുത്തലുകൾ പരിശോധിക്കാൻ നുണപരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയമാർഗങ്ങൾ സ്വീകരിക്കുന്നതിൽ സി.ബി.ഐ വീഴ്ചവരുത്തിയെന്നും കോടതി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സത്യസന്ധനായ ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് വീണ്ടും അന്വേഷിപ്പിക്കാൻ ഉത്തരവിട്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കണമെന്നും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |