
തിരുവനന്തപുരം: ധവളപത്രം കുറ്റാന്വേഷണ റിപ്പോർട്ടോ രാഷ്ട്രീയ രേഖയോ അല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണെന്ന് എല്ലാ വിഭാഗം ജനങ്ങളെയും ബോധ്യപ്പെടുത്തുന്നതിനുളള രേഖയാണിത്. പുതിയ സർക്കാർ ബഡ്‌ജറ്റ് അവതരിപ്പിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ധവളപത്രത്തിന്റെ പ്രധാന്യമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പവർപോയിന്റിലൂടെയാണ് ധവളപത്രത്തിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചത്. കഴിഞ്ഞ സർക്കാരിന്റെ ബഡ്‌ജറ്റിൽ പറഞ്ഞത് തെറ്റായ കണക്കാണെന്നും 35000 കോടി രൂപയുടെ പ്ലാനിൽ 20,500 കോടി ഇല്ലെന്നും വി ഡി സതീശൻ വിമർശിച്ചു. 16-ാം ധനകാര്യ കമ്മീഷനിൽ നിന്ന് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത 14,137 കോടി രൂപയുടെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കണക്കിലെടുത്താണ് കഴിഞ്ഞ സർക്കാർ ബഡ്‌ജറ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ട്രഷറിയിൽ 6000 കോടി രൂപ ബാക്കി വച്ചിട്ടാണ് പോയതെന്ന പ്രചരണം പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
മേയ് 16-ന് പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ട്രഷറിയിൽ വെറും 2000 കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഐജിഎസ്ടി ഗ്രാന്റും മറ്റ് കേന്ദ്ര വിഹിതങ്ങളും ചേർത്ത് പലപ്പോഴായി പണം വരുമെങ്കിലും സർക്കാർ നൽകാനുള്ള അടിയന്തര ബാദ്ധ്യതകൾ നിലനിൽക്കെ 6000 കോടിയുണ്ടെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.
50,000 രൂപ ശമ്പളമുള്ള ഒരാൾ തന്റെ കടങ്ങളും ബില്ലുകളും വീട്ടാതെ ആ പണം പോക്കറ്റിൽ തന്നെ വച്ചിട്ട് തന്റെ പക്കൽ പണമുണ്ടെന്ന് അവകാശപ്പെടുന്നത് പോലെയാണ് മുൻ സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. പത്രക്കാരനും പാൽക്കാരനും പലചരക്ക് കടക്കാരനും പണം നൽകാതെ വാതിലടച്ച് അകത്തിരിക്കുന്ന അവസ്ഥ പോലെ വളരെ ഗുരുതരമായ അവസ്ഥയിലാണ് സംസ്ഥാന ഖജനാവിനെ എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട മൂന്നാം ഗഡുവായ 1982 കോടി രൂപയും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകാനുള്ള 377 കോടി രൂപയും നൽകാതെയാണ് കഴിഞ്ഞ സർക്കാർ പോയത്. 6000 കോടി രൂപ ബാക്കിയുണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് ഈ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകേണ്ട തുകയ്ക്ക് ഒന്നാം പരിഗണന നൽകിയില്ലെന്നും അദ്ദേഹം ചോദിച്ചു.
ആരോഗ്യ-ഭക്ഷ്യ മേഖലകളെയും സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ സർവീസസ് കോർപ്പറേഷന് 476 കോടി രൂപ നൽകാത്തതിനാൽ ടൈപ്പ് വൺ പ്രമേഹബാധിതരായ കുഞ്ഞുങ്ങൾക്ക് ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതായാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ മാത്രം 2017 കോടി രൂപയുടെ ബാധ്യതയാണുള്ളത്. ട്രഷറിയിൽ പണമുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഈ അർഹമായ തുക വിതരണം ചെയ്യാതെ മാറ്റിവെച്ചത് ഭരണപരമായ വലിയ വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കാര്യത്തിൽ വലിയ വഞ്ചനയാണ് നടന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ജീവനക്കാർക്ക് ഡി എ കുടിശ്ശികയിനത്തിൽ 25,000 കോടി രൂപയും പെൻഷൻകാർക്ക് 14,387 കോടി രൂപയും നൽകാനുണ്ട്.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കും. സാമ്പത്തിക അച്ചടക്കം തിരികെ കൊണ്ടുവന്ന് കേരളത്തെ ഒരു സിൽവർ ഇക്കോണമിയാക്കി മാറ്റുകയും ലോകത്തിന്റെ തന്നെ ഹെൽത്ത്-എഡ്യൂക്കേഷൻ ഡെസ്റ്റിനേഷൻ ആക്കി മാറ്റുകയുമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് ചെയ്യുന്ന വികസന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് ജനങ്ങളെയും അറിയിക്കണം. കേരളത്തിന്റെ സാമൂഹിക സൂചികകൾ ഇപ്പോൾ നിശ്ചലാവസ്ഥയിലാണെന്നും ഇത് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |