SignIn
Kerala Kaumudi Online
Friday, 02 October 2026 1.06 PM IST

പൊലീസിൽ ശുദ്ധികലശം, 3 ക്രിമിനൽ പൊലീസിനെക്കൂടി പിരിച്ചുവിട്ടു

kerala-police

തിരുവനന്തപുരം : സ്ത്രീപീഡനങ്ങളുൾപ്പെടെ കുറ്റകൃത്യ പരമ്പര തീർത്ത ബേപ്പൂർ കോസ്റ്റൽ ഇൻസ്‌പെക്ടറായിരുന്ന പി.ആർ.സുനുവിനെ പിരിച്ചുവിട്ടതിനു പിന്നാലെ, ബലാത്സംഗക്കേസുകളിൽ പ്രതികളും പീഡനക്കേസ് അന്വേഷണം അട്ടിമറിച്ചവരും ഗുണ്ടാ മാഫിയാ ബന്ധമുള്ളവരുമായ ഒരു സി.ഐയടക്കം 3 പൊലീസുദ്യോഗസ്ഥരെക്കൂടി സർവീസിൽ നിന്ന് പിരിച്ചുവിട്ടു. റെയിൽവേ പൊലീസിലെ സി.ഐ അഭിലാഷ് ഡേവിഡ്, നന്ദാവനം എ.ആർ. ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ്.രാജ്, തിരുവനന്തപുരം ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ റെജി ഡേവിഡ് എന്നിവരെയാണ് പിരിച്ചുവിട്ടത്. ഗുണ്ടാ, റിയൽ എസ്റ്റേറ്റ് മാഫിയ ബന്ധമുള്ള തലസ്ഥാനത്തെ ഡിവൈ.എസ്.പിമാരായ കെ.ജെ.ജോൺസൺ (ക്രൈം ഡിറ്റാച്ച്‌മെന്റ്, തിരുവനന്തപുരം റൂറൽ), എം.പ്രസാദ് (സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്1, വിജിലൻസ്) എന്നിവരെ ആഭ്യന്തര വകുപ്പ് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് ഇന്നലെ രാത്രി വൈകി 3ഉദ്യോഗസ്ഥരെ സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പിരിച്ചുവിട്ടത്.

അരുവിക്കര പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ പ്രതിയാണ് പിരിച്ചുവിട്ട ഷെറി എസ്.രാജ്. യുവതിയെ പീഡിപ്പിച്ച ശേഷം കൂടെത്താമസപ്പിക്കുകയും പിന്നീട് തുടർച്ചയായി മർദ്ദിക്കുകയും ചെയ്തതിന് ഷെറിക്കെതിരേ അരുവിക്കര പൊലീസ് രണ്ട് കേസുകളെടുത്തിരുന്നു. ഈ കേസുകളിൽ ഷെറി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതിയിൽ കുറ്റപത്രം നൽകി. വയോധികയെ മർദ്ദിച്ച കേസും ഇയാൾക്കെതിരെയുണ്ട്. മെഡിക്കൽ കോളജ് പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിലെ പ്രതിയാണ് റെജി ഡേവിഡ്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും, അവർ ഗർഭിണിയാണെന്നറിഞ്ഞ ശേഷം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തു. പരാതിയായപ്പോൾ വിവാഹ വാഗ്ദാനം നൽകി പരാതി ഒതുക്കുകയും വീണ്ടും പീഡിപ്പിക്കുകയും ചെയ്തു.

ഗുണ്ടാ, റിയൽഎസ്റ്റേറ്റ് മാഫിയയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി സേനയുടെയാകെ പ്രതിച്ഛായ നശിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞദിവസം ഡി.ജി.പി സസ്‌പെൻഡ് ചെയ്ത സി.ഐ അഭിലാഷ് ഡേവിഡാണ് പിരിച്ചുവിടപ്പെട്ട മൂന്നാമൻ. ഇദ്ദേഹം ശ്രീകാര്യം സ്റ്റേഷനിൽ ഇൻസ്‌പെക്ടറായിരിക്കെ ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചവരുത്തിയതിനാണ് നടപടി. പ്രതിയെ രക്ഷിക്കുന്ന തരത്തിൽ കേസ് അട്ടിമറിച്ചെന്ന് കണ്ടെത്തിയാണ് നടപടി. ഗുണ്ടാനേതാക്കൾ ഉൾപ്പെട്ട റിയൽ എസ്റ്റേറ്റ് തർക്കങ്ങൾ പരിഹരിക്കാൻ അഭിലാഷ് ഡേവിഡ് മദ്ധ്യസ്ഥത വഹിച്ചെന്നും ഗുണ്ടകൾക്ക് വിവരം ചോർത്തിയെന്നുമടക്കം കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടാ, മാഫിയാ ബന്ധത്തിന്റെ പേരിൽ പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, മംഗലപുരം എസ്.എച്ച്.ഒ എസ്.എൽ.സജീഷ്, ചേരാനല്ലൂർ എസ്.എച്ച്.ഒ വിപിൻകുമാർ, തിരുവല്ലം എസ്.ഐ സതീഷ് കുമാർ എന്നിവരെ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA