
തിരുവനന്തപുരം: സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ . യുവജനങ്ങളുടെ പ്രതിഭയും നൈപുണ്യവും വളർത്തിയെടുത്ത് നിശ്ചയദാർഢ്യവും അച്ചടക്കവുമുള്ളവരാക്കി മാറ്റാൻ കായിക സർവകലാശാലയ്ക്ക് കഴിയും. കേരള സർവകലാശാല ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഏക് ഘണ്ഠാ ഖേൽ കെ മൈദാൻ മേം' ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
ആരോഗ്യമുള്ള യുവതലമുറയ്ക്കായി വിദ്യാഭ്യാസ, കായിക വകുപ്പുകൾ കൈകോർക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉറപ്പു നൽകി. നമ്മളെ മുന്നോട്ട് നയിക്കേണ്ട ലഹരി പഠനത്തിന്റേതും, സ്‌പോർട്സിന്റേതുമാണെന്നും അദ്ദേഹം പറഞ്ഞു. പഠിക്കാൻ പിന്നിലായാലും, കളിക്കാൻ പിന്നിലാവരുതെന്ന് കായിക
മന്ത്രി ഒ. ജെ. ജനീഷ് പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾക്കുള്ള പ്രതിരോധമാണ് വ്യായാമമെന്ന് അദ്ധ്യക്ഷനായ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ പറഞ്ഞു.
മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാര ജേതാവ് പി.ആർ. ശ്രീജേഷ് മുഖ്യാതിഥിയായി. കായിക താരങ്ങളായ കെ. എം. ബീനാമോൾ, കെ. എം. ബിനു, എസ്. ഓമന കുമാരി, ഗീതു അന്ന ജോസ്, കെ. സി. ലേഖ, പ്രിയ പി.കെ., ഗോപിനാഥ്., അൻവിൻ ആന്റണി, അനൂപ്
രാമസ്വാമി എന്നിവരെ ഗവർണർ ആദരിച്ചു.
വന്ദേമാതരം
പൂർണമായി ആലപിച്ചു
ചടങ്ങിന്റെ തുടക്കത്തിലും അവസാനവും വന്ദേമാതരം പൂർണമായി ആലപിച്ചു. വന്ദേമാതരത്തിന് ശേഷം ദേശീയഗാനവും ആലപിച്ചു. ഗവർണർ പങ്കെടുക്കുന്ന പരിപാടിയായതിനാൽ ലോക്ഭവനിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു
ഇത് .പ്രോട്ടോക്കോൾ പാലിക്കുകയാണ് ചെയ്തതെന്നാണ് സർവകലാശാലയുടെ വിശദീകരണം. ഇതേച്ചൊല്ലി എസ്.എഫ്.ഐ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ലാത്തിച്ചാർജ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |