SignIn
Kerala Kaumudi Online
Monday, 25 May 2026 11.33 AM IST

'വെളിച്ചം' പകരാൻ ഇനി മണ്ണെണ്ണ ഇല്ല

k

കൊച്ചി: വൈദ്യുതിയും പാചകവാതകവും വ്യാപകമായതോടെ ഒരുകാലത്ത് വീടുകളിലടക്കം 'വെളിച്ച'മായിരുന്ന മണ്ണെണ്ണ വിസ്മൃതിയിലേക്ക്. ഡൽഹിയും ഉത്തർപ്രദേശുമടക്കം 14 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും മണ്ണെണ്ണ വിതരണം നിറുത്തി. മണ്ണെണ്ണ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതാണ് നയമെന്ന് വിശദീകരിച്ച് കേന്ദ്രസർക്കാർ കഴിഞ്ഞ 7ന് സംസ്ഥാനങ്ങൾക്ക് കത്തയച്ചു. മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും മുൻനിറുത്തിയാണിത്. ഭൂരിഭാഗം വീടുകളിലും വൈദ്യുതിയും പാചകവാതകവും എത്തിയതും കണക്കിലെടുത്തു.

കേരളമടക്കം ചില സംസ്ഥാനങ്ങൾ അധികവിഹിതം ആവശ്യപ്പെടുന്നതിനാൽ, മൂന്നു വർഷത്തേക്ക് കൂടി നിലവിലെ രീതി തുടരും. തുടർന്ന് മണ്ണെണ്ണ അലോക്കേഷൻ നയം പുന:പരിശോധിക്കുമെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നു. പൊതുവിതരണ സംവിധാനത്തിലൂടെ രണ്ടു വിഭാഗങ്ങളിലായാണ് കേന്ദ്രസർക്കാർ മണ്ണെണ്ണ അനുവദിക്കുന്നത്. വെളിച്ചത്തിനും പാചകത്തിനും സബ്സിഡിയോടെ. മറ്റ് മേഖലകൾക്ക് സബ്സിഡിയില്ലാതെ. പിങ്ക്, മഞ്ഞ കാർഡുകൾക്കാണ് ഗാർഹിക മണ്ണെണ്ണ ലഭിക്കുന്നത്. മൂന്നുമാസം കൂടുമ്പോൾ അര ലിറ്ററാണ് ക്വാട്ട.

മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണയ്‌ക്ക് സബ്സിഡി നൽകുന്നുണ്ടെങ്കിലും വിവിധ പ്രശ്നങ്ങളാൽ വിതരണം കാര്യക്ഷമമല്ല. മണ്ണെണ്ണ നിരുത്സാഹപ്പെടുത്താനുള്ള നടപടികൾക്ക് 2011ൽ കേന്ദ്രം തുടക്കമിട്ടിരുന്നു. സബ്സിഡിയും ക്വാട്ടയും ഘട്ടങ്ങളായി വെട്ടിക്കുറച്ചു. എണ്ണക്കമ്പനികളും മണ്ണെണ്ണ ഉത്പാദനം കുറച്ചുകൊണ്ടുവരികയാണ്.

വിഹിതം കുറഞ്ഞ് കേരളം

കേരളത്തിനുള്ള ഗാർഹിക മണ്ണെണ്ണയുടെ വിഹിതം 2024-25ൽ 780 കിലോലിറ്ററായി കുറച്ചിരുന്നു. അതിനു മുൻവർഷം 1944 കിലോലിറ്ററായിരുന്നു. മത്സ്യബന്ധനമേഖലയ്ക്ക് ലഭിച്ചത് 650 കിലോലിറ്റർ മാത്രം. തികയാത്തത് പൊതുവിപണിയിൽ നിന്ന് ഇരട്ടിവിലയ്ക്കാണ് വാങ്ങുന്നത്. സംസ്ഥാനത്ത് എല്ലാ മുൻഗണനാ കാർഡുടമകൾക്കും നൽകാൻ വേണ്ടത് 8000 കിലോലിറ്റർ. മത്സ്യബന്ധന ബോട്ടുകൾക്ക് 30,000 കിലോലിറ്റർ. റേഷൻ മണ്ണെണ്ണ ലിറ്ററിന് വില 73 രൂപവരെ. പൊതുവിണിയിൽ 125 രൂപവരെ.

മണ്ണെണ്ണ ഉപേക്ഷിച്ച

സംസ്ഥാനങ്ങൾ

ആന്ധ്ര, തെലങ്കാന, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽപ്രദേശ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, ജമ്മുകാശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, നാഗാലാൻഡ്. കേന്ദ്ര ഭരണ പ്രദേശങ്ങൾ: ലക്ഷദ്വീപ്, ആൻഡമാൻ, ചണ്ഡീഗഡ്, ദാമൻ ദിയു, ലഡാക്, പുതുച്ചേരി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KEROSENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA