SignIn
Kerala Kaumudi Online
Sunday, 13 September 2026 4.06 PM IST

10 കിലോമീറ്റർ ബഫർസോൺ സതീശന്റെ നിർദ്ദേശം : കോടിയേരി

kodiyeri-balakrishnan

തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റിലുമായി ബഫർസോൺ വേണമെന്ന നിർദ്ദേശം ആദ്യമുയരുന്നത് 2011ലെ യു.പി.എ ഭരണത്തിൽ ജയറാം രമേശ് പരിസ്ഥിതി മന്ത്രിയായപ്പോഴാണെന്നും ,കേരളത്തിൽ അത് പത്ത് കിലോമീറ്ററാകാമെന്ന് നിർദ്ദേശിച്ചത് അന്ന് എം.എൽ.എമാരായിരുന്ന വി.ഡി. സതീശനും ടി.എൻ. പ്രതാപനും ഉൾപ്പെട്ട കമ്മിഷനാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

പരിസ്ഥിതി ദുർബലമേഖലാ പ്രഖ്യാപനത്തിൽ മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ 2013 മേയ് എട്ടിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ കരട് വിജ്ഞാപനം കേന്ദ്രസർക്കാർ ഇറക്കിയെങ്കിലും വിദഗ്ദ്ധസമിതി ആവശ്യപ്പെട്ട വിശദാംശങ്ങൾ സമയബന്ധിതമായി നൽകാത്തതിനാൽ കാലഹരണപ്പെട്ടു.

2018ലെ പ്രളയക്കെടുതിയെ തുടർന്ന് സംരക്ഷണപ്രദേശത്ത് ചേർന്നു കിടക്കുന്ന ഒരു കിലോമീറ്റർ വരെ ചുറ്റളവിൽ പരിസ്ഥിതി ദുർബലമേഖലയായി നിശ്ചയിച്ച് മന്ത്രിസഭാ തീരുമാനപ്രകാരം ഉത്തരവിറക്കി. 23 സംരക്ഷിത പ്രദേശങ്ങൾ പരിസ്ഥിതി ദുർബലമേഖലകളാക്കി കേന്ദ്രത്തിന് സമർപ്പിച്ചു. 20 എണ്ണത്തിന്റെ കരട് വിജ്ഞാപനമിറങ്ങി.

ആശങ്കയെ തുടർന്ന് ജനസാന്ദ്രത കൂടിയ പ്രദേശത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടുന്ന പ്രദേശങ്ങളൊഴിവാക്കി കരട് ഭേദഗതി സമർപ്പിച്ചു. ഇടുക്കി, ആറളം, കൊട്ടിയൂർ, ശെന്തുരുണി, തട്ടേക്കാട്, പെരിയാർ, വയനാട്, സൈലന്റ് വാലി, പറമ്പിക്കുളം, നെയ്യാർ, പേപ്പാറ, പീച്ചി എന്നീ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കിയുള്ള ഭൂപടത്തോടെയാണിത് സമർപ്പിച്ചത്. വിദഗ്ദ്ധസമിതി യോഗത്തിൽ പരിശോധിച്ച് വിജ്ഞാപനമിറക്കാനുള്ള ഘട്ടമെത്തിയപ്പോഴാണ് സുപ്രീംകോടതി വിധിയുണ്ടായത്. വനം മന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജനവാസമേഖല പൂർണമായും ഒഴിവാക്കിയുള്ള ഭേദഗതിനിർദ്ദേശം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി അംഗീകാരം തേടും.ജനവാസകേന്ദ്രങ്ങളെ പൂർണമായും ബഫർസോൺ പരിധിയിൽ നിന്നൊഴിവാക്കാൻ ആവശ്യമെങ്കിൽ സർക്കാർ നിയമനിർമാണവും ആലോചിക്കാൻ സി.പി.എം നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KODIYERI BALAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA