SignIn
Kerala Kaumudi Online
Sunday, 05 July 2026 1.28 AM IST

വാക്ക് പാലിക്കാതെ കോറോ ഹെൽത്ത്; 800 ജീവനക്കാർ പെരുവഴിയിൽ

aa

കൊച്ചി: സർക്കാർ ഇടപെട്ടിട്ടും, 800 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട തീരുമാനത്തിൽ ഉറച്ച് പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന അമേരിക്ക ആസ്ഥാനമായ മെഡിക്കൽ കോഡിംഗ് കമ്പനി കോറോ ഹെൽത്ത്. ഉമ തോമസ് എം.എൽ.എയും തൊഴിലാളി സംഘടനാ നേതാക്കളുമായി ചർച്ചനടത്തിയെത്തിയ ഒത്തുതീർപ്പ് ധാരണ കമ്പനി ലംഘിച്ചു. നാളെ തൊഴിൽ മന്ത്രി ചർച്ച വിളിച്ചിരിക്കെ, വെള്ളിയാഴ്‌ച രാത്രി ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് നഷ്ടപരിഹാരത്തുകയായി രണ്ടര മാസത്തെ ശമ്പളം മുൻകൂറായി നൽകി പിരിച്ചുവിടൽ പൂർണമാക്കി. നാളത്തെ ചർച്ചയ്‌ക്കു ശേഷമേ അന്തിമതീരുമാനമെടുക്കൂ എന്നായിരുന്നു ഒത്തുതീർപ്പ് ധാരണ. ചർച്ചയിൽ പങ്കെടുക്കുന്നതിന് കമ്പനി അസൗകര്യവും അറിയിച്ചു. തിരിച്ചെടുക്കൽ സാദ്ധ്യതയില്ലാത്തിനാൽ 800 പേരും പെരുവഴിയിലായി.

കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ ലേബർ കോഡ് അനുസരിച്ച് ജീവനക്കാരെ പിരിച്ചുവിടാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് കമ്പനി പറയുന്നു. ലേബർ കോഡ് കേരളത്തിൽ നടപ്പാക്കിയിട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. ചർച്ചകളിലൂടെ കമ്പനിയെ കേരളത്തിൽ തുടരാൻ പ്രേരിപ്പിക്കലാണ് സർക്കാരിന്റെ ലക്ഷ്യം.

ജീവനക്കാരിൽ പലർക്കും നഷ്ടപരിഹാരം ഭാഗികമായാണ് ലഭിച്ചത്. 2024ലും കഴിഞ്ഞ വർഷവും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കരാർ ജീവനക്കാരായതിനാൽ പിരിഞ്ഞുപോകാതെ നിവൃത്തിയില്ലെന്ന് ജീവനക്കാർ പറയുന്നു. മലയാളികളെ മാത്രമാണ് പിരിച്ചുവിട്ടത്. മറ്റ് സംസ്ഥാനക്കാരെ കേരളത്തിന് പുറത്തെ ശാഖകളിലേക്ക് മാറ്റിയിട്ടുണ്ട്.

ചർച്ചയ്‌ക്ക് ശേഷം തീരുമാനം
നാളത്തെ ചർച്ചയ്‌ക്ക് ശേഷം സമരമോ നിയമനടപടിയോ സ്വീകരിക്കുന്നതിൽ പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ അന്തിമതീരുമാനം കൈക്കൊള്ളും. തൊഴിലാളി സംഘടനകളും നിയമവിദഗ്ദ്ധരും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. പിരിച്ചുവിട്ടവരെ കേരളത്തിന് പുറത്തുള്ള ഓഫീസുകളിലേക്ക് എടുക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KORRO HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA