ആലപ്പുഴ: ആദ്യകാല ചലച്ചിത്ര ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പ് വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി നായർ (96) അന്തരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. 1973 മുതൽ 1978 വരെ മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ ക്യാമറാമാനായിരുന്നു കൃഷ്ണൻകുട്ടി നായർ. അമ്പതോളം നസീർ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. മമ്മൂട്ടി ആദ്യമായി അഭിനയിച്ച കാലചക്രം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും കൃഷ്ണൻകുട്ടി നായർ ആയിരുന്നു. ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റൽ ഉൾപ്പടെ എഴുപതോളം സിനിമകളുടെ ഛായാഗ്രാഹണം നിർവഹിച്ചിട്ടുണ്ട്. തിക്കുറിശ്ശി സുകുമാരൻ നായർ, എം.എം.നേശൻ, പി.ജെ.ആന്റണി, ശശികുമാർ, എ.ബി.രാജ്, വേണു, കെ.പി. പിള്ള, കെ.നാരായണൻ എന്നീ സംവിധായകരുടെ സിനിമകൾക്കു വേണ്ടി ക്യാമറ ചലിപ്പിച്ചു.1960ൽ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ഉമ്മ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു ആദ്യമായി ക്യാമറ ചലിപ്പിച്ചത്. 1985ൽ ജോർജ് വെട്ടം സംവിധാനം ചെയ്ത മടക്കയാത്ര എന്ന സിനിമയ്ക്കാണ് അവസാനമായി ഛായാഗ്രഹണം നിർവഹിച്ചത്. ഭാര്യ: ലളിതമ്മ. മക്കൾ: ഹരികൃഷ്ണൻ (ബിസിനസ്), ജയകൃഷ്ണൻ (റിട്ട. എക്സൈസ്), ജ്യോതികൃഷ്ണ (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ). മരുമക്കൾ: മിനി, ലക്ഷ്മി, പരേതനായ വേണുഗോപാൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |