SignIn
Kerala Kaumudi Online
Sunday, 18 October 2026 6.45 PM IST

സ്റ്റോപ്പിൽ ബസ് നിറുത്തണം, ഇല്ലെങ്കിൽ 1000 രൂപ പിഴ

ksrtc

 പെരുമാറ്റം മോശമായാൽ ₹ 500 പോകും

തിരുവനന്തപുരം: യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് 1000 രൂപ പിഴ ചുമത്തും. ബസുകൾ സ്റ്റോപ്പിൽ നിർത്താത്തതിനെതിരെയാണ് നടപടി. ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. പിന്നീട് സ്ഥലമാറ്റവും സസ്‌പെൻഷനും നേരിടണം. നടപടികൾ വേഗത്തിലാക്കാൻ യൂണിറ്റ് മേധാവികൾക്ക് അധികാരം നൽകി കെ.എസ്.ആർ.ടി.സി ഉത്തരവിറക്കി. ജില്ലാതല ഓഫീസുകൾ നിർത്തലാക്കിയതിനെ തുടർന്നാണ് പുതിയ ക്രമീകരണം.

നിയമലംഘനങ്ങൾ യാത്രക്കാർക്ക് മൊബൈലിൽ ചിത്രീകരിച്ച് പരാതിക്കൊപ്പം സമർപിക്കാം.നേരിട്ടും, ഇ മെയിലിലും വാട്സാപ്പിലും കൺട്രോൾ നമ്പരുകളിലും പരാതിപ്പെടാം. കർശന നടപടിയുണ്ടാകും. ഫോണിലൂടെ പരാതിക്കാരന്റെ മൊഴി എടുക്കാം.പരാതിക്കാരെ അന്വേഷണത്തിന്റെ പേരിൽ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന് ഇൻസ്‌പെക്ടർമാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

യാത്രക്കാരോട് മോശമായി പെരുമാറിയാൽ 500 രൂപയാണ് ശിക്ഷ,ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.ഡ്യൂട്ടിക്കിടയിൽ കണ്ടക്ടർ ഉറങ്ങിയാൽ 1000 രൂപയാണ് പിഴ.സ്റ്റോപ്പുകൾ ഒഴിവാക്കി മറ്റു റോഡുകളിലൂടെ യാത്ര,സർവീസ് റോഡുകൾ ഒഴിവാക്കി യാത്ര ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കും 1000 രൂപ പിഴ ചുമത്തും. സ്റ്റോപ്പിൽ ഇറക്കാതിരിക്കുക,അലക്ഷ്യമായി ബസ് ഓടിക്കുക, റിസർവേഷൻ ചെയ്ത യാത്രക്കാർക്ക് വിവരം നൽകാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളെക്കുറിച്ചും പരാതിപ്പെടാം.

ടിക്കറ്റ് കൊടുക്കാൻ

വിട്ടുപോയാലും പിഴ

ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര ഒഴിവാക്കാൻ പരിശോധന കടുപ്പിക്കും. ടിക്കറ്റ് നൽകിയിട്ടില്ലെങ്കിൽ ബസിലെ യാത്രക്കാരുടെ എണ്ണത്തിന് അനുപാതികമായി കണ്ടക്ടർക്ക് ശിക്ഷ. 30 യാത്രക്കാർ ബസിലുള്ളപ്പോഴാണ് ഒരാൾക്ക് ടിക്കറ്റ് നൽകാൻ വിട്ടുപോയതെങ്കിൽ 5000 രൂപയാണ് പിഴ. 47 യാത്രക്കാരുള്ളപ്പോഴാണെങ്കിൽ 3000 രൂപയും 65 പേരാണെങ്കിൽ 2000 രൂപയും കണ്ടക്ടറിൽ നിന്ന് ഈടാക്കും. തിരക്ക് കൂടുന്നതിനനുസരിച്ച് ടിക്കറ്റ് നൽകാൻ വിട്ടുപോയതിന് ശിക്ഷയിൽ ഇളവ് ലഭിക്കും. 65ൽ കൂടുതൽ യാത്രക്കാരുള്ള ബസിലാണ് വീഴ്ച സംഭവിച്ചതെങ്കതിൽ 1000 രൂപയാണ് പിഴ. അരടിക്കറ്റ് നൽകാൻ വിട്ടുപോയാലും 1000 രൂപ പിഴ ചുമത്തും. 20ൽ താഴെ യാത്രക്കാരുള്ളപ്പോഴാണ് ടിക്കറ്റ് നൽകുന്നതിൽ പിഴവ് സംഭവിച്ചിട്ടുള്ളതെങ്കിൽ വകുപ്പുതല ശിക്ഷാ നടപടിയുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA