SignIn
Kerala Kaumudi Online
Friday, 02 October 2026 2.59 AM IST

ചില്ലറക്കാരല്ല കുട്ടിനിക്ഷേപകർ സമ്പാദ്യം 29.21 കോടി

kutti

കോഴിക്കോട്: പോക്കറ്റ്മണിയടക്കമുള്ള കുഞ്ഞുതുകകൾ കൂട്ടിവച്ചു. സമ്പാദ്യം 29.21 കോടിയിലധികം രൂപ. സ്കൂൾ സേവിംഗ്സ് സ്കീം പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ, എയ്ഡഡ് സ്‌കൂളിലെ വിദ്യാർത്ഥികൾ നിക്ഷേപിച്ച തുകയുടെ കണക്കാണിത്. 2023-25ൽ 11.65 കോടിയായിരുന്നു. ഒരു വർഷത്തിനിടെയുണ്ടായത് 18 കോടിയോളം വർദ്ധന. പദ്ധതിയിൽ ചേർന്ന കുട്ടികളുടെ എണ്ണവും ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസ, ട്രഷറി വകുപ്പുകളും ദേശീയ സമ്പാദ്യ പദ്ധതി വകുപ്പും സംയുക്തമായി നടത്തുന്ന പദ്ധതിയിൽ ഒന്നു മുതൽ പ്ളസ് ടു വരെയുള്ളവരാണുള്ളത്. 2016ൽ കേന്ദ്രസർക്കാർ നിറുത്തിയ സഞ്ചയിക പദ്ധതിക്ക് പകരമാണ് പദ്ധതി നടപ്പാക്കിയത്. 2017ൽ തുടങ്ങിയതെങ്കിലും പാസ്ബുക്ക് അച്ചടിയിലടക്കം കാലതാമസമുണ്ടായി. വിദ്യാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും എത്ര ചെറിയ തുകയും അദ്ധ്യാപകരെ ഏൽപ്പിക്കാം. ആഴ്ചയിലൊരിക്കൽ അവരത് ട്രഷറിയിലടയ്ക്കും. നാല് ശതമാനമാണ് പലിശ. ടി.സി വാങ്ങി പോവുന്നതടക്കമുള്ള കാരണങ്ങളുണ്ടെങ്കിൽ അംഗത്വം വേണ്ടെന്നുവയ്ക്കാം. അതുവരെയുള്ള നിക്ഷേപം പലിശയോടെ തിരികെ നൽകുകയും ചെയ്യുന്നതാണ് പദ്ധതി.

ഡിജിറ്റൽ സംവിധാനത്തിലേക്ക്

രേഖ സംരക്ഷണവും മറ്റും എസ്.എസ്.എസ് വെബ് പോർട്ടലെന്ന പേരിൽ ഡിജിറ്റലെെസ് ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്. പെെലറ്റടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത സ്കൂളുകളിൽ ആദ്യം നടപ്പാക്കും. അക്കൗണ്ട് വിവരം, തിരിച്ചടവ്, നിക്ഷേപം തുടങ്ങിയവ കൂടുതൽ സുതാര്യതയോടെ കുട്ടികളെ കെെകാര്യം ചെയ്യാൻ പഠിപ്പിക്കുകയാണ് ലക്ഷ്യം.

കുട്ടി നിക്ഷേപകർ

എയ്ഡഡ്, സർക്കാർ സ്കൂളുകൾ - 11,767
പദ്ധതിയിൽ ചേർന്ന സ്കൂളുകൾ - 6,794
ആകെ ചേർന്ന കുട്ടികൾ - 53,5319
ശേഖരിച്ച തുക - 29,2172824

സാമ്പത്തികാസൂത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികളെ പ്രായോഗികമായി പരിശീലിപ്പിക്കാൻ പദ്ധതിയിലൂടെ കഴിയും.

-ഗിരീഷ്കുമാർ

ഡെപ്യൂട്ടി ഡയറക്ടർ, നാഷണൽ സേവിംഗ്സ് സ്കീം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUTTI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA