
തിരുവനന്തപുരം: അടുത്ത ആഴ്ച ഇടതുമുന്നണി യോഗം വിളിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ആഗസ്റ്റ് 18ന് ശേഷം യോഗം വിളിക്കാനാണ് ധാരണ. മറ്റു പാർട്ടികളുമായി ചർച്ച ചെയ്ത് തീയതി നിശ്ചയിക്കും. സർക്കാരിനെതിരെ നിരവധി വിഷയങ്ങൾ ഉയർന്നിട്ടും പ്രക്ഷോഭം സംഘടിപ്പിക്കാൻ മുന്നണിക്ക്
കഴിയുന്നില്ലെന്നാണ് ഉയരുന്ന വിമർശനം. മുന്നണി യോഗം വിളിക്കാത്തതിൽ ഘടകകക്ഷികൾ അതൃപ്തിയിലാണ്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ തീരുമാനമാകാത്തതാണ് മുന്നണി യോഗം വൈകാൻ കാരണം. സി.പി.ഐയുമായുള്ള തർക്കം അടുത്ത മുന്നണി യോഗത്തിന് മുമ്പ് പരിഹരിക്കാമെന്ന ധാരണയിലായിരുന്നു സി.പി.എം. എന്നാൽ സി.പി.ഐ കടുത്ത നിലപാടിലാണ്.
നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവിന്റെ മുറി സി.പി.എം ആവശ്യപ്പെട്ടെന്ന വാർത്തയിൽ സി.പി.ഐ അതൃപ്തിയിലാണ്. ഇതേ തുടർന്നാണ് കെ.എൻ.ബാലഗോപാലിനോട് ഇക്കാര്യത്തിൽ പ്രതികരിക്കാൻ സി.പി.എം നേതൃത്വം നിർദ്ദേശിച്ചത്. മുറി ആവശ്യപ്പെട്ട് താൻ കത്ത് നൽകിയെന്ന വാർത്ത നിഷേധിച്ച കെ.എൻ.ബാലഗോപാൽ, കത്ത് പുറത്തു വിടാൻ സ്പീക്കറെ വെല്ലുവിളിച്ചു. സമാന രീതിയിലായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |