SignIn
Kerala Kaumudi Online
Tuesday, 13 October 2026 12.56 AM IST

മാസപ്പടി ഇടപാടിൽ 2 കേസ് - പിണറായി, റിയാസ് ഒന്നാം പ്രതി, രണ്ടാം പ്രതി വീണ എഫ്.ഐ.ആർ പുറത്ത്

masapadi
mas

തിരുവനന്തപുരം: സി.എം.ആർ.എൽ -എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയും മകൾ വീണ ടിയെ രണ്ടാം പ്രതിയുമാക്കിയാണ് ആദ്യ കേസ്. കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. ഇതിലും വീണ ടി രണ്ടാം പ്രതിയാണ്. അന്വേഷണസംഘത്തെ ഉടൻ രൂപീകരിക്കും.

വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എക്സാലോജിക്, എസ്.എൻ.ശശിധരൻ കർത്ത, പി.സുരേഷ്‌കുമാർ, സി.എം.ആർ.എൽ, എംപവർ ഇന്ത്യ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ്സ് എന്നിവർ മൂന്നു മുതൽ 7 വരെ പ്രതികളാണ്. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്ന രണ്ടാമത്തെ കേസിൽ റിയാസിന്റെ സുഹൃത്തുക്കളായ ഷൈജൽ മുഹമ്മദ്, പി.നിഖിൽ, ഹസൻ വാരിസ്‌, ഫൈജാസ് വി.പി, നന്ദുലാൽ എം, സുബൈർ കരുവമ്പൊയിൽ, ബന്ധമുള്ള മറ്റുള്ളവർ എന്നിവർ മൂന്നു മുതൽ പ്രതികളാണ്.

വീണയ്ക്ക് നൽകിയ 3.28 കോടി പിണറായിക്കുള്ളത്
1. പിണറായി വിജയൻ,മകൾ വീണ ടി എന്നിവർ സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത, മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസറും ചീഫ് ജനറൽ മാനേജരുമായ പി. സുരേഷ് കുമാർ എന്നിവരുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് പിണറായിക്കെതിരെയുള്ള കേസിലെ എഫ്.ഐ.ആറിൽ പറയുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തനിക്കും മകൾക്കും എക്സാലോജിക്കിനും സാമ്പത്തിക നേട്ടമുണ്ടാക്കാൻ പിണറായി പ്രവർത്തിച്ചു. 2016 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇടപാട് നടന്നത്.

2. ഐ.ടി കൺസൾട്ടൻസിയുടെയും മാർക്കറ്റിംഗ് സേവനങ്ങളുടെയും പേരിലാണ് സി.എം.ആർ.എല്ലും എംപവർ ഇന്ത്യയും 3.28 കോടി രൂപ വീണയുടെയും എക്സാലോജിക്കിന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയത്.എന്നാൽ, വീണയോ കമ്പനിയോ കൺസൾട്ടൻസി സേവനങ്ങൾ നൽകിയിട്ടില്ല. ഈ പണം വീണയും എക്സാലോജിക്കും വഴി പിണറായിക്ക് നൽകിയ അനധികൃത പ്രതിഫലമാണെന്ന് വെളിപ്പെട്ടതായും എഫ്.ഐ.ആറിൽ പറയുന്നു.

3. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ ഈ അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്നാണ് രണ്ടാമത്തെ കേസിലെ എഫ്.ഐ.ആറിൽ പറയുന്നത്. വീണയുടെ വസതിയിൽ നിന്ന് ഇ.ഡി പിടിച്ചെടുത്ത കൈപ്പടയിലുള്ള കുറിപ്പുകളിൽ കോടികളുടെ കണക്കുകളും ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളുമുണ്ട്. ദുബായ് കേന്ദ്രീകരിച്ചുള്ള ഗാർമെന്റ് കയറ്റുമതി ബിസിനസ്സിന്റെ മറവിൽ ഹവാല വഴി വിദേശത്തേക്ക് വൻതോതിൽ പണം കടത്തി. ഇതിനായി യു.എ.ഇയിലുള്ളവരുടെ സഹായം തേടിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MASAPPADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA