
കൊച്ചി: ക്രിമിനൽ കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് ആരോപണവിധേയരുടെ ഭാഗം കേൾക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ചാൽ കേസെടുക്കാൻ എന്താണ് തടസമെന്നും ജസ്റ്രിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ആരാഞ്ഞു. മാസപ്പടി ആരോപണത്തിൽ കേസെടുക്കാൻ നിർദ്ദേശിച്ച സിംഗിൾബെഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കം നൽകിയ അപ്പീലുകളുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞതെന്ന് അപ്പീൽ നൽകിയവർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
ആർക്കും കുറ്റകൃത്യത്തെക്കുറിച്ച് വിവരം നൽകാവുന്നതാണ്. അത് ഇരയോ പരിക്കേറ്റയാളോ മരിച്ച വ്യക്തിയുടെ ബന്ധുവോ ആകണമെന്നില്ല. കുറ്റകൃത്യം നടന്നതായി പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടാൽ കേസ് രജിസ്റ്റർ ചെയ്യാമെന്നും കോടതി വാക്കാൽ പറഞ്ഞു.
പിണറായിക്കു പുറമേ മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, കോഴിക്കോട്ടെ സിപി.എം നേതാവ് പി. നിഖിൽ എന്നിവരും അപ്പീൽ നൽകിയിട്ടുണ്ട്. ഒക്ടോബർ 9ലെ സിംഗിൾബെഞ്ച് ഉത്തരവും അതിന്റെ അടിസ്ഥാനത്തിലുള്ള വിജലൻസ് കേസും റദ്ദാക്കണമെന്നാണ് ആവശ്യം. അപ്പീൽ തീർപ്പാക്കുന്നതു വരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഹർജികൾ രജിസ്ട്രി ചൂണ്ടിക്കാട്ടിയ അപാകതകൾ തിരുത്തി ബെഞ്ചിൽ എത്താത്തതിനാലാണ് ഇന്ന് പരിഗണിക്കാൻ മാറ്റിയത്.
അപ്പീലിലെ വാദങ്ങൾ
പിണറായി വിജയൻ: മകളുടെ കമ്പനിക്ക് സി.എം.ആർ.എൽ നൽകിയ പണം തനിക്കുള്ള കൈക്കൂലിയാണെന്നത് അടിസ്ഥാനരഹിതം. ഇ.ഡിയുടെ റിപ്പോർട്ടിൽ താൻ ആരോടെങ്കിലും പണം ആവശ്യപ്പെട്ടതായോ വാങ്ങിയതായോ പറയുന്നില്ല. സിംഗിൾബെഞ്ച് തന്റെ ഭാഗം കേൾക്കാത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണ്.
പൊതുതാത്പര്യ സ്വഭാവമുള്ള ഹർജികൾ ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കേണ്ടത്.
മുഹമ്മദ് റിയാസ്, പി.നിഖിൽ: പി.എം.എൽ.എ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം കൈമാറുന്ന വിവരങ്ങൾ കേസ് രജിസ്റ്റർ ചെയ്യാൻ പര്യാപ്തമല്ല. വ്യക്തിപരമായ പരിശോധനകളില്ലാതെ ഒരു കൂട്ടം ആളുകൾക്കെതിരെ കേസെടുക്കാൻ ഇ.ഡി നിർദ്ദേശിച്ചത് ശരിയല്ല. എസ്.എഫ്.ഐ.ഒ റിപ്പോർട്ടും ബന്ധപ്പെട്ട മുൻ ഉത്തരവുകളും സിംഗിൾബെഞ്ച് വേണ്ടവിധം പരിഗണിച്ചില്ല.
ടി. വീണ: ആരോപണങ്ങൾ മൂവാറ്റുപുഴ, തിരുവനന്തപുരം വിജിലൻസ് കോടതികൾ തള്ളിയതാണ്. ഹൈക്കോടതിയും സുപ്രീം കോടതിയും അത് ശരിവച്ചതുമാണ്. സി.എം.ആർ.എൽ - എക്സാലോജിക് ഇടപാടുകൾ എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്നതിനാൽ മറ്റൊരു ഏജൻസിക്ക് അന്വേഷണം നടത്താൻ നിയമതടസമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |