
ക്രമക്കേടുകൾ തടയാൻ മാർഗമില്ല
തിരുവനന്തപുരം: എൻജിനിയറിംഗ്, എം.ബി.എ, നിയമ കോഴ്സുകളുടെ ഫീസ് നിശ്ചയിക്കാനും തലവരിയടക്കം ക്രമക്കേടുകൾ തടയാനും ഹൈക്കോടതി റിട്ട. ജഡ്ജി അദ്ധ്യക്ഷനായ അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി നിലവിലില്ല. കഴിഞ്ഞവർഷം ജൂണിൽ കാലാവധി തീർന്ന സമിതി പുനഃസംഘടിപ്പിച്ചിട്ടില്ല. പ്രവേശനത്തിലെ പ്രശ്നങ്ങളോ, യോഗ്യതാ സർട്ടിഫിക്കറ്റുകളിലെ പൊരുത്തക്കേടുകളോ കണ്ടെത്താനാവുന്നില്ല. കോളേജുകളുടെ പ്രോസ്പെക്ടസ് പരിശോധിച്ച് അനുമതി നൽകേണ്ടതും ഈ സമിതിയാണ്.
എം.ബി.എ പ്രവേശനത്തിലാണ് ഗുരുതര പ്രതിസന്ധി. കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോർ ഉള്ളവർക്കാണ് പ്രവേശനം. സ്കോറില്ലാത്തവരെയും സ്വാശ്രയ കോളേജുകളിൽ പ്രവേശിപ്പിക്കുന്നത് വ്യാപകമായതോടെ, രേഖകൾ മേൽനോട്ട സമിതി പരിശോധിച്ച് അംഗീകാരം നൽകിയാലേ സർവകലാശാലകൾ വിദ്യാർത്ഥികൾക്ക് സ്ഥിരം രജിസ്ട്രേഷൻ നൽകൂ. അതുവരെ താത്കാലിക രജിസ്ട്രേഷനായിരിക്കും. പരീക്ഷയെഴുതുന്നതിനും സമിതിയുടെ ക്ലിയറൻസ് ആവശ്യമാണ്.
എൻജിനിയറിംഗ് പ്രവേശനത്തിന് എൻ.ആർ.ഐ സ്പോൺസർഷിപ്പ്, മെരിറ്റ്- ന്യൂനപക്ഷ ക്വോട്ട എന്നിവ ഉറപ്പാക്കേണ്ടത് മേൽനോട്ട സമിതിയാണ്. സ്വാശ്രയ മാനേജ്മെന്റുകളുമായി ഫീസ് ധാരണയുണ്ടാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുകയാണ് ചെയ്യുന്നത്. എം.സി.എ, നിയമ കോഴ്സുകളിലും മേൽനോട്ടത്തിന് സമിതിയില്ല.
മെഡി.സമിതിയിൽ
ഏകാംഗം
എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശന ക്രമക്കേടുകൾ തടയാനും ഫീസ് നിർണയത്തിനും ഒറ്റ സമിതിയാണുണ്ടായിരുന്നത്. 2017ൽ മെഡിക്കലിന് പ്രത്യേകം സമിതി വേണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രണ്ടിന്റെയും അദ്ധ്യക്ഷനായിരുന്ന ജസ്‌റ്റിസ് കെ.കെ. ദിനേശന്റെ കാലാവധി 2025 ജൂണിൽ കഴിഞ്ഞു.
ഹൈക്കോടതി റിട്ട. ജഡ്ജിയും ഉപലോകായുക്തയുമായിരുന്ന ബാബു മാത്യു പി.ജോസഫിനെ കഴിഞ്ഞ സെപ്തംബറിൽ നിയമിച്ച് ഉത്തരവിറക്കിയെങ്കിലും അദ്ദേഹം ചുമതലയേറ്റില്ല. അടുത്ത സമിതി വരുന്നതു വരെ അദ്ധ്യക്ഷൻ തുടരണമെന്ന് വ്യവസ്ഥയുള്ളതിനാൽ മെഡിക്കൽ സമിതിയിൽ ജസ്‌റ്റിസ് കെ.കെ. ദിനേശൻ മാത്രം .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |