
അഴിമതിക്ക് വീണ്ടും സാദ്ധ്യതയെന്നും പരാമർശം
കൊച്ചി: കോടികളുടെ കശുഅണ്ടി അഴിമതിക്കേസിൽ ഒന്നാം പ്രതി. വിചാരണയും നേരിടണം. എന്നിട്ടും കെ.എ.രതീഷ് മൂന്ന് പ്രധാന തസ്തികകളിൽ തുടരുന്നതെങ്ങനെയെന്ന് ഹൈക്കോടതി.
കഷ്ടം തന്നെയാണ് ഈ അവസ്ഥ. അഴിമതിക്ക് സാദ്ധ്യതയുള്ള വകുപ്പുകളിലാണല്ലോ നിയമിച്ചിട്ടുള്ളതെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ പറഞ്ഞു. സർക്കാരിന്റെ റിപ്പോർട്ട് തേടിയ കോടതി സി.ബി.ഐക്ക് നോട്ടീസിനും നിർദ്ദേശിച്ചു.
കാഷ്യു കോർപ്പറേഷൻ മുൻ എം.ഡിയായ രതീഷിന് ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി, റുട്രോണിക്സ് മാനേജിംഗ് ഡയറക്ടർ, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പദവികളുണ്ട്.
രതീഷിനെ തുടരാൻ അനുവദിക്കുന്നതിനെതിരെ കെ.എം. ഷാജഹാന്റെ ഹർജിയാണ് പരിഗണിച്ചത്. മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഖാദി ബോർഡിൽ നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന പദവിയിലാണ് രതീഷെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. അപ്പോഴാണ് അഴിമതിക്ക് സാദ്ധ്യതയുള്ള വകുപ്പുകളാണല്ലോയെന്ന കോടതി പരാമർശം. ഖാദിയിൽ 300 കോടിയുടെ ഓണം പർച്ചേസ് നടക്കാനിരിക്കുകയാണെന്നും ഷാജഹാൻ ശ്രദ്ധയിൽപ്പെടുത്തി.
കശുഅണ്ടി കേസിൽ പ്രോസിക്യൂഷന് അനുമതി നൽകിയ ഉത്തരവിൽ കോടതിയെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങൾ വന്നതിൽ രതീഷിന് പങ്കുണ്ടാകാമെന്നും ഹർജിക്കാരൻ ആരോപിച്ചു. ഇതുസംബന്ധിച്ച വിജിലൻസ് അന്വേഷണം സമയബന്ധിതമായി തീർക്കാൻ നിർദ്ദേശിക്കണം. രതീഷിനെ നീക്കാൻ സ്വീകരിച്ച നടപടികളിൽ സി.ബി.ഐയിൽ നിന്ന് റിപ്പോർട്ട് തേടണമെന്നും ആവശ്യപ്പെട്ടു. ഹർജി ആഗസ്റ്റ് 6ന് വീണ്ടും പരിഗണിക്കും. കോർപറേഷൻ 2006 മുതൽ 2015 വരെ കശുഅണ്ടി ഇറക്കുമതി ചെയ്തതിൽ വൻ അഴിമതി നടന്നെന്നാണ് സി.ബി.ഐ കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |