
തൃശൂർ: വരവൂർ ഗവ. ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ വടി ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പേനയുടെ ടോപ്പ് നിലത്ത് വീണത് എടുക്കാൻ ശ്രമിച്ചതിന്റെ പേരിൽ മർദിച്ചെന്നാണ് ആക്ഷേപം. ചെറുതുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ലാസ് മുറിയിലെ സംഭവം മറ്റ് വിദ്യാർത്ഥികൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. മുള്ളൂർക്കര കാഞ്ഞിരശ്ശേരി സ്വദേശിയായ മണികണ്ഠൻ എന്ന അദ്ധ്യാപകൻ വിദ്യാർത്ഥിയെ നിരവധി തവണ വടി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടിയുടെ മാതാപിതാക്കളും വിവിധ സംഘടനകളും നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി. വനിതാശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അടിയന്തര റിപ്പോർട്ട് തേടി. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിക്കും തൃശൂർ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും മന്ത്രി നിർദ്ദേശം നൽകി.
അതേസമയം, കാഴ്ചപരിമിതിയുള്ള അദ്ധ്യാപകനെ വിദ്യാർത്ഥി കളിയാക്കിയതിനെ തുടർന്നുണ്ടായ പ്രകോപനമാണ് സംഭവത്തിന് കാരണമെന്ന് സ്‌കൂൾ അധികൃതർ വിശദീകരിച്ചു. രണ്ടാഴ്ച മുമ്പ് നടന്നതാണെന്നാണ് വിവരം. വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പി.ടി.എയും സ്‌കൂൾ അധികൃതരും യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |