SignIn
Kerala Kaumudi Online
Sunday, 25 October 2026 1.13 AM IST

മെ‌ഡി. ഉപകരണ തട്ടിപ്പിൽ വിജിലൻസ് അന്വേഷണം, കേരളകൗമുദി റിപ്പോർട്ടിൽ നടപടി

READ ENGLISH VERSION
dd


 കമ്പനികൾ കരിമ്പട്ടികയിലേക്ക്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രികൾക്കും തിരുവനന്തപുരം കണ്ണാശുപത്രിക്കുമായി 23.82 കോടിയുടെ നിലവാരമില്ലാത്ത ചികിത്സാ ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും. തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് കേരളകൗമുദിയാണ്. കഴിഞ്ഞ 10 വർഷത്തെ പർച്ചേസും അന്വേഷിക്കാനാണ് സർക്കാർ തീരുമാനം.

പത്ര റിപ്പോർട്ടിനെ തുടർന്ന്,​ ക്രമക്കേട് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫിനെ മന്ത്രി കെ.മുരളീധരൻ ചുമതലപ്പെടുത്തിയിരുന്നു. ഉപകരണങ്ങൾ രോഗികൾക്ക് പ്രയോജനപ്പെടാതെ പാഴായെന്ന് വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് മന്ത്രി നിർദ്ദേശിച്ചത്.

നിലവാരമില്ലാത്ത ഉപകരണങ്ങളെത്തിച്ച കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഗ്യാരന്റി കഴിയും മുമ്പേ മിക്കതും കേടായി. എന്നിട്ടും കമ്പനികൾ നന്നാക്കാനോ മാറ്റി നൽകാനോ തയ്യാറായില്ല.

മെഡിക്കൽ കോളേജിലേക്ക് വാങ്ങിയ ഉപകരണങ്ങളിൽ നല്ലൊരു പങ്കും പെട്ടിപോലും പൊട്ടിക്കാതെ വച്ചിരിക്കുകയാണ്. ഉപയോഗിച്ചവ പെട്ടെന്ന് കേടുമായി. ഇക്കാര്യത്തിൽ സമഗ്രാന്വേഷണത്തിന് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി തുടർ പരിശോധന നടത്തും. വെന്റിലേറ്ററുകൾ, ശസ്ത്രക്രിയയ്ക്കും ബ്ലഡ് ബാങ്കിനുമുള്ള ഉപകരണങ്ങൾ തുടങ്ങിയവ പെട്ടെന്ന് ഉപയോഗ ശൂന്യമായവയുടെ പട്ടികയിലുണ്ട്.

കണ്ണൂരിലെ നഷ്ടം:

കണക്കെടുക്കും

കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വാങ്ങിയ ഉപകരണങ്ങളുടെ നഷ്ടം എത്രയെന്നറിയാൻ സാങ്കേതിക പരിശോധന നടത്തും. ആരോഗ്യ മന്ത്രിക്ക് സമർപ്പിച്ച പർച്ചേസ് റിപ്പോർട്ടിൽ തുക രേഖപ്പെടുത്തിയിരുന്നില്ല. മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊവിഡ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പോർട്ടബിൾ വെന്റിലേറ്ററിന് ചെലവിട്ട തുകയും രേഖപ്പെടുത്തിയില്ല. ഇവയൊക്കെ വാറന്റി കാലാവധി കഴിഞ്ഞവയാണ്. കണ്ണൂർ ബ്ലഡ് ബാങ്കിലെ ഓട്ടോമേറ്റഡ് എൽസ യൂണിറ്റ് പ്രവർത്തിക്കാത്തതും ഫ്രീസറിന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കാത്തതും കേരളകൗമുദി പുറത്തു കൊണ്ടുവന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA