
തിരുവനന്തപുരം: കോട്ടയത്ത് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായ സംഭവത്തിൽ തുടരന്വേഷണം പൊലീസ് വിജിലൻസിന് കൈമാറുമെന്ന് മന്ത്രി എം.ലിജു.
എക്സൈസ് അന്വേഷണം പൂർത്തിയാക്കിയ ശേഷമാവും അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള വിഷയങ്ങളിലെ അന്വേഷണം പൊലീസിന് കൈമാറുക.
സസ്‌പെൻഷനിലായ ഉദ്യോഗസ്ഥർക്കെതിരേയുളള മുൻകാല പരാതികളും ആരോപണങ്ങളും പരിശോധിക്കും. ഇടനിലക്കാർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെയും അന്വേഷണമുണ്ടാവും. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരേ വ്യാപകനടപടിയുണ്ടാകും. ഉത്തരവാദപ്പെട്ട ആഭ്യന്തര വിജിലൻസ് നടപടിയെടുത്തില്ലെങ്കിൽ മുകൾതട്ടിൽ നിന്നു നടപടിയുണ്ടാകുമെന്ന സന്ദേശമാണ് കമ്മിഷണറുടെ കോട്ടയത്തെ നടപടിയിലൂടെ നൽകുന്നത്. അഴിമതിക്കാരായവർ എത്ര ഉന്നതരായാലും നടപടിയുണ്ടാകും. വ്യാജമദ്യവും സ്പിരിറ്റ് കലക്കിയതും വിൽക്കാൻ ഒത്താശ ചെയ്ത് വിഹിതം കൈപ്പറ്റാമെന്ന ചിന്ത ഉദ്യോഗസ്ഥർക്കു വേണ്ട. വ്യാജമദ്യം വിറ്റു ലാഭമുണ്ടാക്കുന്ന ഉടമകളെ തുറുങ്കിൽ അടയ്ക്കും. നിയമപരമായി പ്രവർത്തിക്കുന്ന ബാറുകൾക്കും കള്ളുഷാപ്പുകൾക്കും പിന്തുണയുണ്ടാകും. അഴിമതി കണ്ടെത്താൻ ആധുനിക ഡിജിറ്റൽ സംവിധാനവും ഉപയോഗിക്കും.
സംസ്ഥാനതലത്തിലെ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിനെ പുനരുജ്ജീവിപ്പിക്കും. ഇത് നിർജ്ജീവമാണ്.
കോട്ടയത്തെ നടപടിയിൽ എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മന്ത്രി അഭിനന്ദിച്ചു. മന്ത്രിക്കു ലഭിച്ച വാട്സാപ്പ് പരാതി കമ്മിഷണർക്കു കൈമാറിയപ്പോൾ നേരിട്ടായിരുന്നു നടപടി.
മദ്യനിരോധനമല്ല, മദ്യവർജനമാണ് സർക്കാർ നയം. ബാറുകളും കള്ള് ഷാപ്പുകളും വ്യവസായമായാണ് കാണുന്നത്. വ്യാജമദ്യം വിൽക്കുന്ന, സമയക്രമം പാലിക്കാത്ത ബാറുകൾക്കെതിരേ നടപടിയുണ്ടാകും.
കൂടുതൽ ബാറുകൾ അനുവദിക്കേണ്ടെന്നാണ് തീരുമാനം. മദ്യനയം വരുമ്പോൾ ഇക്കാര്യങ്ങളും പരിശോധിക്കും. മദ്യനയചർച്ച സെപ്റ്റംബറിൽ പൂർത്തിയാക്കും. സാമൂഹിക-സാംസ്കാരിക സംഘടനകളുടെ അഭിപ്രായവും കേൾക്കും.
മയക്കുമരുന്നിന്റെ ഉപയോഗം കുറയ്ക്കാൻ വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായമുണ്ട്. മദ്യപാനത്തിലേക്കുള്ള എളുപ്പവഴിയായി വീര്യം കുറഞ്ഞ മദ്യം മാറുമെന്ന അഭിപ്രായവുമുണ്ട്. രണ്ടും പരിശോധിച്ചാവും തീരുമാനമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വിശദമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |