SignIn
Kerala Kaumudi Online
Sunday, 04 October 2026 12.06 AM IST

കാനഡയിൽ ജോലിവാഗ്ദാനം ചെയ്ത് അന്നമ്മ തട്ടിയത് മൂന്നരക്കോടി

annamma

കട്ടപ്പന: മനുഷ്യക്കടത്തിന് സമാനമായി കാനഡയിൽ ജോലി വാഗ്ദാനം ചെയ്‌ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളുൾപ്പെടെ 66 മലയാളികളെ ഖത്തറിലെത്തിച്ച് യുവതി തട്ടിയെടുത്തത് മൂന്നരക്കോടി രൂപ. കട്ടപ്പന വള്ളക്കടവ് കണ്ടത്തിൽ അന്നമ്മ ജോർജ് (സിനി കുന്നപ്പള്ളിൽ- 36) പ്രധാനകണ്ണിയായ രാജ്യാന്തര സംഘമാണ് തട്ടിപ്പിന പിന്നിൽ. ഇവർ ഒളിവിലാണ്.

ഇടുക്കിയിലെ വിവിധ മേഖലകളിലും കണ്ണൂർ, പാലാ, അങ്കമാലി, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. വ്യാജ വിസ കാണിച്ച് ഒരാളിൽ നിന്ന് അഞ്ചു മുതൽ ആറര ലക്ഷം വരെ വാങ്ങിയിരുന്നു. ഖത്തറിൽ കുടുങ്ങിയവരിൽ 18 പേർ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയും ബാക്കിയുള്ളവർ സ്വന്തം പണം മുടക്കിയുമാണ് നാട്ടിലെത്തിയത്. തട്ടിപ്പിനിരയായവർ പരാതി നൽകിയതിനെ തുടർന്ന് അന്നമ്മജോർജ് വിവിധ കോടതികളിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും എല്ളാം തള്ളി. നാട്ടിലെത്തിയശേഷം തട്ടിപ്പിനിരയായവരിൽ ചിലരെ കാനഡയിൽ വിടാമെന്നു തെറ്റിദ്ധരിപ്പിച്ച് കൊല്ലം പത്തനാപുരത്തുള്ള മറ്റൊരു ഏജൻസിയിൽ കൊണ്ടുപോയെന്നും വിവരമുണ്ട്.

തട്ടിപ്പ് ഇങ്ങനെ

കഴിഞ്ഞ സെപ്തംബറിലാണ് കാനഡയിലെ പെട്രോ കാനഡ എന്ന കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് അന്നമ്മ ആളുകളെ ബന്ധപ്പെട്ടത്. 'എക്‌‌സ്‌പ്രസ് വിസാസ് ' എന്ന കമ്പനിയുടെ റിക്രൂട്ട്‌മെന്റ് മാനേജരായി തന്നെ നിയമിച്ചുവെന്നുള്ള വ്യാജ രേഖകൾ കാണിച്ചാണ് ഉദ്യോഗാർഥികളെയും മാതാപിതാക്കളെയും പാട്ടിലാക്കിയത്. കമ്പനിയുടെ ഉടമയെന്ന് പരിചയപ്പെടുത്തിയ ഓം അഗർവാളുമായി സംസാരിക്കാൻ പല ഉദ്യോഗാർഥികൾക്കും അവസരവുമൊരുക്കി. ഇന്ത്യയിൽ നിന്ന് നേരിട്ടു വിസ കിട്ടാത്തതിനാൽ ഖത്തർ വഴിയേ പോകാനാകൂവെന്നായിരുന്നു പറഞ്ഞിരുന്നത്. തുടർന്ന് വിസയുടെ പകുതി തുകയായ മൂന്നുലക്ഷം രൂപ ആളുകളിൽ നിന്ന് കൈപ്പറ്റി. ചിലർ മുഴുവൻ തുകയും നൽകി. തുടർന്ന് സെപ്തംബർ 22, 23 തീയതികളിലായി 15 പേരടങ്ങുന്ന സംഘം വീതം 30 പേർ നെടുമ്പാശേരിയിൽ നിന്ന് ഖത്തറിലെത്തി. 24ന് 17 അംഗ സംഘവുമായി അന്നമ്മ ജോർജും നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. എമിഗ്രേഷനിലെ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് പരസ്‌പര വിരുദ്ധമായ മറുപടി നൽകിയ അന്നമ്മയെ വിമാനം കയറാൻ അനുവദിക്കാതെ തിരിച്ചയച്ചു. ഖത്തറിലെത്തിയ 47 ഉദ്യോഗാർഥികളെ, തട്ടിപ്പ് സംഘത്തിലെ ഹരിയാന സ്വദേശി രോഹിത്ത് (സമീർ), നേഹ എന്നിവർ ദോഹയിലെ അൽതുമാമയിലുള്ള പാകിസ്ഥാനിയുടെ വില്ലയിലെത്തിച്ചു. ഉദ്യോഗാർഥികളുടെ കൈവശമുണ്ടായിരുന്ന ആയിരം കനേഡിയൻ ഡോളറും പാസ്‌പോർട്ടുകളും ഫോട്ടോകളും വാങ്ങി. അന്നമ്മ ഒക്‌ടോബർ ഒമ്പതിന് ഖത്തറിലെത്തി. ഒരാഴ്ചയ്‌ക്കുശേഷം വിസയും ടിക്കറ്റും കിട്ടുമെന്നും കമ്പനിയിൽ കൂടുതൽ ഒഴിവുകളുണ്ടെന്നും വിശ്വസിപ്പിച്ച് ഉദ്യോഗാർത്ഥികളുടെ ബന്ധുക്കൾ ഉൾപ്പെടെ 19 പേരെ കൂടി ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് വിളിച്ചുവരുത്തി. ഓരോരുത്തരുടെയും വിസ തയ്യാറായതായി വിശ്വസിപ്പിച്ച് ബാക്കി പണവുമ വാങ്ങി. ഒക്‌ടോബർ 20ന് രോഹിത്ത് പണം കബളിപ്പിച്ച് മുങ്ങിയെന്നും നാട്ടിലേക്കു മടങ്ങണമെന്നും അന്നമ്മ അറിയിച്ചു. ഇതിനിടെ നൽകിയ വിസ വ്യാജമാണെന്നും അന്നമ്മയും തട്ടിപ്പ് സംഘത്തിൽപ്പെട്ടയാളാണെന്നും ഉദ്യോഗാർത്ഥികൾ തിരിച്ചറിഞ്ഞു.

ഖത്തറിൽ ദുരിതമനുഭവിച്ച് ഒരുമാസം
ഖത്തറിൽ ഭക്ഷണം പോലുമില്ലാതെ സ്ത്രീകളടക്കമുള്ളവർ ഒരു മാസത്തിലേറെയാണ് ദുരിതമനുഭവിച്ചത്. എംബസിയും ഖത്തറിലെ സന്നദ്ധ സംഘടനകളും ഇടപെട്ടാണ് താമസസ്ഥലത്തെ വാടകയും ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിന്റെ പണവും നൽകിയത്. ആദ്യം സ്ത്രീകളെ ബന്ധുക്കളുടെ സഹായത്തോടെ ടിക്കറ്റെടുത്ത് നാട്ടിലേക്കയച്ചു. പിന്നാലെ ഭൂരിഭാഗം പേരും സ്വന്തമായി പണം മുടക്കി ടിക്കറ്റെടുത്ത് മടങ്ങി. ശേഷിച്ച 18പേർ അന്നമ്മയെക്കൂട്ടി ഇന്ത്യൻ എംബസിയിലെത്തി പരാതി നൽകി. എന്നാൽ താനും ജോലിക്കായി മറ്റുള്ളവർക്കൊപ്പം എത്തിയതാണെന്നു അന്നമ്മ എംബസി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് നവംബർ ഏഴിന് എംബസിയുടെ സഹായത്തോടെ ടിക്കറ്റെടുത്ത് 18 പേരെയും അന്നമ്മയെയും നാട്ടിലെത്തിച്ചു.

ഒളിച്ചുകളിച്ച് പൊലീസ്
തട്ടിപ്പിനിരയായവർ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ എൻ.ആർ.ഐ സെല്ലിൽ പരാതിയും തെളിവുകളും നൽകി. ഇതിനുശേഷം കട്ടപ്പന പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ 26ന് അന്നമ്മയെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. കട്ടപ്പന എസ്‌.ഐയുടെ സാന്നിദ്ധ്യത്തിൽ അന്നമ്മയ്ക്കെതിരെ മുഴുവൻ തെളിവുകൾ നിരത്തിയിട്ടും ഇവരെ കസ്റ്റഡിയിലെടുക്കാനോ കൂടുതൽ ചോദ്യം ചെയ്യാനോ തയ്യാറായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONEY CHEATING CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA