
തിരുവനന്തപുരം: അന്വേഷണാത്മക പത്രപ്രവർത്തനത്തിന് പുതുവഴി വെട്ടിയ മാദ്ധ്യമപ്രവർത്തകനായിരുന്നു അന്തരിച്ച എൻ.ആർ.എസ് ബാബുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.കേരളം കണ്ട മികച്ച മാദ്ധ്യമപ്രവർത്തകരിൽ ഒരാളെയാണ് നഷ്ടമായത്.
രാഷ്ട്രീയ വിശകലനങ്ങളിൽ അഗ്രഗണ്യനായിരുന്നു. ഏതുവിഷയത്തിലും ആധികാരികമായി എപ്പോഴും അഭിപ്രായം പറയാൻ കഴിയുന്ന അനുഭവങ്ങളും ജ്ഞാനവുമുള്ള വ്യക്തിത്വം. മാദ്ധ്യമ പ്രവർത്തന മേഖലയ്ക്ക് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എൻ.ആർ.എസ് ബാബു കേരളത്തിലെ മാദ്ധ്യമമേഖലയ്ക്ക് നൽകിയ സംഭാവനകൾ അതുല്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു. വനം കൊള്ളയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്ന റിപ്പോർട്ട് അന്വേഷണാത്മക പത്രപ്രവർത്തനത്തിലെ ഉദാത്തമാതൃകയായി ഇപ്പോഴും വാഴ്ത്തപ്പെടുന്നു. മലയാള മാദ്ധ്യമ പ്രവർത്തനത്തിലെ അതികായനെയാണ് നഷ്ടപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.
എൻ.ആർ.എസ്.ബാബുവിന്റെ വേർപാട് വേദനാജനകമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അന്വേഷണാത്മക പത്രപ്രവർത്തനത്തിലും രാഷ്ട്രീയ വിശകലനത്തിലും വളരെയേറെ ശ്രദ്ധേയനായിരുന്നു. പത്രപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്ന തലമുറയ്ക്ക് മാതൃകയാണ് അദ്ദേഹമെന്നും സുധീരൻ അനുസ്മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |