
തിരുവനന്തപുരം : അങ്കമാലി - അരൂർ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു.
പുനർവിജ്ഞാപനം ഉടൻ ഉണ്ടാകും. ബെന്നി ബെഹനാൻ എം.പിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
അങ്കമാലി മുതൽ കുണ്ടന്നൂർ വരെ പുതുതായി നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന കൊച്ചി ബൈപ്പാസ് പദ്ധതി അങ്കമാലിയിൽ നിന്ന് ആരംഭിച്ച് അരൂരിൽ എത്തിച്ചേരുന്ന രീതിയിൽ 50 കിലോമീറ്റർ ദൂരത്തിൽ 70 മീറ്റർ വീതിയിൽ എട്ടുവരിയായി ആദ്യഘട്ടത്തിലും പിന്നീട് പത്തുവരിയായും വികസിപ്പിക്കുന്ന രീതിയിൽ നിർമ്മിക്കുന്നതിനുള്ള കേന്ദ്രാനുമതിയാണ് ലഭിച്ചിരിക്കുന്നത്. പുതിയ ദേശീയപാത നിർമ്മാണത്തിനായി 3A നോട്ടിഫിക്കേഷൻ ഉടൻ കേന്ദ്രസർക്കാർ പുറപ്പെടുവിക്കും.
അഞ്ച് വർഷങ്ങൾക്കു മുൻപ് നടത്തിയ ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിലാണ് ആറുവരി പാത നിർമ്മാണത്തിന് പ്രാഥമിക നടപടികൾ ആരംഭിച്ചത്. പുതിയ ട്രാഫിക് സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 70 മീറ്റർ വീതിയിൽ ആദ്യഘട്ടത്തിൽ എട്ടുവരിയായും പിന്നീട് പത്തുവരിയായി വികസിപ്പിക്കാവുന്ന രീതിയിൽ 50 കിലോമീറ്റർ ദൂരത്തിൽ അങ്കമാലി–അരൂർ കൊച്ചി ബൈപ്പാസ് റോഡ് യാഥാർഥ്യമാവുക.
അങ്കമാലിയിൽ നിന്ന് ആരംഭിക്കുന്ന പുതിയ ബൈപ്പാസ് സംസ്ഥാനത്തെ രൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുന്നതിന് അനിവാര്യമാണെന്ന് അതിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതിക്ക് പുനർഅനുമതി നൽകണമെന്ന് നിരന്തരം കേന്ദ്ര ഗതാഗത മന്ത്രിയോടും ഗതാഗത സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നതായി ബെന്നി ബെഹനാൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പാർലമെന്റിലും ഈ വിഷയം പലതവണ ഉന്നയിച്ചിരുന്നു. ഇതിന്റെ എല്ലാ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേന്ദ്രാനുമതി യാഥാർഥ്യമായതെന്നും അദ്ദേഹം അവകാശപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |