SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.47 AM IST

നിതിൻരാജിന്റെ ആത്മഹത്യ: അദ്ധ്യാപകൻ റാമിന് മുൻകൂർ ജാമ്യമില്ല

nithin-raj

ന്യൂഡൽഹി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ ആത്മഹത്യയിൽ അദ്ധ്യാപകൻ ഡോ. കോദണ്ഡ റാമിന് സുപ്രീംകോടതിയിലും മുൻകൂർ ജാമ്യമില്ല. കേരള ഹൈക്കോടതിക്ക് പിന്നാലെയാണിത്. ആത്മഹത്യാ പ്രേരണ,ജാതി അധിക്ഷേപം എന്നീ ആരോപണങ്ങളാണ് അദ്ധ്യാപകൻ നേരിടുന്നത്. പട്ടികവിഭാഗ നിയമത്തിലെ വകുപ്പുകളും ചുമത്തിയ കേസാണ്.

വിദ്യാർത്ഥിയെ ഇത്തരത്തിൽ അപമാനിച്ച അദ്ധ്യാപകന് അങ്ങനെയങ്ങ് രക്ഷപ്പെടാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്,സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. ഒരദ്ധ്യാപകനും വിദ്യാർത്ഥികളോട് ഇങ്ങനെ പെരുമാറരുത്. തന്റെ പ്രവൃത്തികൾ വിദ്യാർത്ഥികളിൽ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് തിരിച്ചറിയണം. ക്ലാസിൽ സഹവിദ്യാ‌ർത്ഥികളുടെ മുന്നിൽ വച്ച് അപമാനിക്കപ്പെടുമ്പോൾ അതിന്റെ ആത്യന്തിക ആഘാതം എന്തായിരിക്കുമെന്ന് അറിയാമോയെന്നും കോടതി ചോദിച്ചു. അപമാനിക്കപ്പെടലിന്റെ ആ നിമിഷം വഴിത്തിരിവായിരുന്നു. അപമാനിക്കുന്ന രീതിയിൽ വിദ്യാർത്ഥികളോട് പെരുമാറാൻ പാടില്ലെന്ന ശക്തമായ സന്ദേശം അദ്ധ്യാപകർക്ക് നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രിൽ 10നാണ് കോളേജിന്റെ 5ാം നിലയിൽ നിന്ന് ചാടി നിതിൻ രാജ് ജീവനൊടുക്കിയത്.

ജാതി അധിക്ഷേപം

അല്ലെന്ന് വാദം

ആരോപിക്കപ്പെടുന്ന ജാതി അധിക്ഷേപം ആത്മഹത്യയ്‌ക്ക് ഒരു മാസം മുൻപ് നടന്നതാണെന്നും,വായ്‌പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് നിതിൻ രാജ് മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്നും, ​ആ സമയത്തായിരുന്നു ആത്മഹത്യയെന്നും അദ്ധ്യാപകന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡി.എസ്.നായിഡു വാദിച്ചു. ഗ്യാരന്റി നിന്ന അദ്ധ്യാപികയെയും വിദ്യാർത്ഥിയെയും ലോൺ ആപ്പിന്റെ റിക്കവറി ഏജന്റുമാർ ഭീഷണിപ്പെടുത്തിയിരുന്നു. അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വാദിച്ചു. എന്നാൽ ഈ വാദമുഖങ്ങൾ കോടതി അംഗീകരിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITHINRAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA