തൊടുപുഴ: ഇടുക്കി മുൻ എം.എൽ.എയും കോൺഗ്രസിന്റെ ഇടുക്കി ജില്ലാ അദ്ധ്യക്ഷനുമായിരുന്ന മുട്ടം കുറ്റ്യാനിക്കൽ വീട്ടിൽ അഡ്വ.ജോസ് കുറ്റ്യാനി (87) അന്തരിച്ചു. കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 1980- 82, 1982- 87 കാലഘട്ടത്തിൽ ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായി.
ജില്ല രൂപീകൃതമായ 1972 മുതൽ 1981 വരെ ഡി.സി.സി പ്രസിഡന്റായി. കെ.എസ്.യുവിന് മുമ്പുണ്ടായിരുന്ന വിദ്യാർത്ഥി കോൺഗ്രസ് ഭാരവാഹിയായി പൊതുരംഗത്തെത്തി. എ.ഐ.സി.സി അംഗം, കെ.പി.സി.സി അംഗം, തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, നാഫെഡ് ചെയർമാൻ, കിസ്‌കോ വൈസ് പ്രസിഡന്റ്, ക്രിപ്‌കോ ഡയറക്ടർ, എൻ.സി.എച്ച്.എഫ് ചെയർമാൻ, എറണാകുളം ലാ കോളേജ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
1983ൽ മുഖ്യമന്ത്രി കെ. കരുണാകരനെതിരായ അവിശ്വാസപ്രമേയത്തെ പിന്തുണച്ചതിനെ തുടർന്ന് കെ.കെ. ബാലകൃഷ്ണൻ, സിറിയക് ജോൺ എന്നിവർക്കൊപ്പം കോൺഗ്രസിൽ നിന്ന് പുറത്തായതോടെ, പ്രത്യേക പാർട്ടി രൂപീകരിച്ചു. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി. 2001വരെ എ.ഐ.സി.സി അംഗം. പിന്നീട് ഗ്രൂപ്പ് പോരിന്റെ ഭാഗമായി അച്ചടക്ക നടപടി നേരിട്ട് പാർട്ടി വിട്ടു. 2009ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ എൻ.സി.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചുതോറ്റു. പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന് വർഷങ്ങളോളം സംസ്ഥാന പ്രസിഡന്റായി. 2022ൽ വീണ്ടും തിരിച്ചെത്തി. വിമോചന സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് രണ്ടാഴ്ച പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞു. ഒരണ സമരത്തിലും പങ്കെടുത്തു. ഭാര്യ: പരേതയായ റാണി ജോസ് (കാഞ്ഞിരപ്പള്ളി നിലയ്ക്കത്താനം കുടുംബാംഗം). മക്കൾ: സാം ജോസ്, മനോജ് ജോസ് (യു.കെ), ക്ഷേമ സന്തോഷ്, അഡ്വ. പോൾ ജോസ്, പരേതരായ മജു ജോസ്, ബിന്ദു എബി. മരുമക്കൾ: റീന സാം , നിഷ മജു പടമാടൻ, എബി പാലത്തറ, ജോളി മനോജ്, സന്തോഷ് മഞ്ഞിലാസ്, അഡ്വ. ലെനി പോൾ തൈക്കകത്ത്. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |