
തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമുൾപ്പെടെയുള്ള നിയമങ്ങളെ മറികടക്കാനല്ല സരൾ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. പുതിയ നിയമം തണ്ണീർത്തടങ്ങളെ തകർക്കാനാണെന്ന പ്രചാരണം വിലപ്പോവില്ല. അക്കാര്യങ്ങൾ വിശദമായി പരിശോധിച്ചാവും തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കുമുള്ള അനുമതി അതിവേഗം ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ള 2026ലെ സരൾ (സിംപ്ലിഫൈഡ് ആൻഡ് ആക്സിലറേറ്റഡ് റഗുലേറ്ററി അപ്രൂവൽ ആൻഡ് ലൈസൻസിംഗ്) കേരളം ബില്ലിന്റെ പൊതുചർച്ചയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു.
സുതാര്യമാണെന്ന് ബോദ്ധ്യപ്പെടുത്തിയാൽ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത സജിചെറിയാൻ പറഞ്ഞു. നെൽവയലുകൾക്ക് വധശിക്ഷ വിധിക്കുന്നതാണ് ബില്ലിലെ പല നിർദ്ദേശങ്ങളുമെന്ന് പി.പ്രസാദ് അഭിപ്രായപ്പെട്ടു.
ചട്ടലംഘനം ചൂണ്ടിക്കാട്ടി കെ.രാജൻ, കെ.വി.സുമേഷ് എന്നിവർ ഉന്നയിച്ച തടസവാദങ്ങൾ സ്പീക്കർ തള്ളിയ ശേഷമാണ് കുഞ്ഞാലിക്കുട്ടി ബിൽ അവതരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |