
റാന്നി: നടുറോഡിലൂടെ വിരണ്ടോടിയ കാട്ടുപന്നി സൂപ്പർമാർക്കറ്രിൽ കയറി കടയുടമയെ ആക്രമിച്ചു. ഇന്നലെ രാവിലെ 8.30ഓടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ബ്ളോക്കുപടിയിലാണ് സംഭവം. വൈക്കം ബിസ്മി മൻസിലിൽ ബീന (43)യ്ക്കാണ് ആക്രമത്തിൽ പരിക്കേറ്റത്.
രാവിലെ എട്ടുമണിയോടെ വൈക്കം ഭാഗത്താണ് ആദ്യം പന്നിയെ കണ്ടത്. മുൻ പഞ്ചായത്ത് അംഗമായ സുമാ വിജയനെയും വാട്ടർ അതോറിറ്റി ഓപ്പറേറ്റർ പ്രസാദിനെയും അക്രമിക്കാൻ പന്നി ശ്രമിച്ചു. ഓടിമാറിയതിനാൽ തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ഇവിടെ നിന്ന് ഓടിയെത്തിയാണ് ബിസ്മി സൂപ്പർമാർക്കറ്റിൽ കയറിയത്. പന്നിയെ കണ്ട് കടയിലുണ്ടായിരുന്ന ബീന പുറത്തേക്കോടാൻ ശ്രമിക്കുന്നതിനിടെ പന്നി കൈയിൽ കുത്തി. ബീന ബഹളം വച്ചതോടെ പന്നി പുറത്തേക്കോടി. റോഡിലൂടെ ഓടിയ പന്നി, റാന്നി മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ കയറിയ ശേഷം എക്‌സൈസ് ഓഫീസിന് പിന്നിലെ കാടുപിടിച്ച റബർ തോട്ടത്തിൽ ഒളിച്ചു. തുടർന്ന് റാന്നി ഗ്രാമപഞ്ചായത്തിന്റെ ഷൂട്ടർമാർമാരെത്തി പന്നിയെ വെടിവച്ചുകൊന്നു. പന്നിയുടെ ആക്രമണത്തിൽ ഇടതുകൈക്ക് പരിക്കേറ്റ ബീന റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |