SignIn
Kerala Kaumudi Online
Sunday, 18 October 2026 6.44 AM IST

വകമാറ്റലിന് കേന്ദ്രഫണ്ടില്ല , ബഹ്റയുടെ തരികിട; 4.33 കോടി ഭാരം ഖജനാവിന്

bahra

തിരുവനന്തപുരം: പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സുകൾ പണിയാനനുവദിച്ച 4.33 കോടി രൂപ മുൻ ഡി.ജി.പി ബെഹ്റ സ്വന്തം ക്യാമ്പ് ഓഫീസിനും മുതിർന്ന ഓഫീസർമാരുടെ വില്ലകൾക്കുമായി വകമാറ്റിയതിനാൽ ഇത്രയും തുക ഖജനാവിന് നഷ്ടം.

ക്വാർട്ടേഴ്സ് ഉൾപ്പെടെ ആധുനിക വത്കരണത്തിന് ചെലവാക്കുന്ന പണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്നീട് നൽകാറുണ്ട്. ഇവിടെ ക്രമവിരുദ്ധ നടപടിയായതിനാൽ കേന്ദ്ര ഫണ്ട് കിട്ടില്ല. അതുകൊണ്ടാണ് ധനകാര്യവകുപ്പ് എതിർത്തത്. എന്നിട്ടും പൊലീസ് മേധാവിക്ക് താക്കീത് മാത്രം നൽകി തുക വകമാറ്റിയതിനെ മന്ത്രിസഭായോഗം സാധൂകരിക്കുകയായിരുന്നു.

വകുപ്പധികാരികളുടെ ക്രമവിരുദ്ധ നടപടികൾ വച്ചുപൊറുപ്പിക്കാനാവില്ലെന്നും കടുത്ത അച്ചടക്കനടപടി വേണമെന്നും ധനവകുപ്പ് ഫയലിൽ കുറിച്ചത് അസാധാരണ നടപടിയാണ്. പക്ഷേ, മന്ത്രിസഭായോഗം ബഹ്റയുടെ തരികിടയ്ക്ക് പച്ചക്കൊടി കാണിച്ചത് അതിലും അസാധാരണമായി.

പൊലീസ് ആധുനികവത്കരണ പദ്ധതിയിലെ പ്രോജക്ട് നിർദ്ദേശങ്ങൾ സംസ്ഥാനതല എംപവേർഡ് കമ്മിറ്റിയുടെ അനുമതിയോടെ കേന്ദ്രത്തിനയച്ച് അംഗീകാരം വാങ്ങണം. എന്നിട്ടേ നടപ്പാക്കാവൂ. തുടർന്ന് യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കുമ്പോൾ ചെലവായ തുക കേന്ദ്രത്തിൽ നിന്ന് കിട്ടും. ഇവിടെ തുക വകമാറ്റലായതിനാൽ കേന്ദ്രം നയാ പൈസ നൽകില്ല. 4.33യുടെ ഭാരം സംസ്ഥാന ഖജനാവ് പേറേണ്ടി വരും.

ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് ഫയൽ പരിശോധിച്ചശേഷം ധനവകുപ്പിന്റെ അംഗീകാരത്തോടെ തുക അനുവദിക്കാൻ നിർദ്ദേശിച്ചാണ് മുഖ്യമന്ത്രി ഫയൽ വിട്ടത്. ഇതിലാണ് ധനവകുപ്പ് നിശിത വിമർശനമുയർത്തിയതും അംഗീകരിക്കാനാവില്ലെന്ന് കുറിച്ചതും.

ക്വാർട്ടേഴ്സില്ല, വർഷം

36 ലക്ഷം വീട്ടുവാടക

30 അപ്പർ സബോർഡിനേറ്റ് ക്വാർട്ടേഴ്സുകൾക്കായിരുന്നു തുക. ഇവ പണിതിരുന്നെങ്കിൽ 30 പൊലീസുദ്യോഗസ്ഥർക്ക് വീട്ടുവാടക അലവൻസായി അനുവദിക്കേണ്ട തുക ലാഭിക്കാമായിരുന്നു. അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനമാണ് വീട്ടുവാടക അലവൻസ്. 30 പേർക്കായി 2.5- 3 ലക്ഷം ലക്ഷം രൂപയാണ് മാസം ചെലവ്. മൂന്ന് ലക്ഷം കണക്കാക്കിയാൽ വർഷത്തിൽ 36 ലക്ഷം രൂപ ലാഭിക്കാം. ഖജനാവിന് അങ്ങനെയും ബാദ്ധ്യത വരുത്തി ബഹ്റ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE FUND CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA