SignIn
Kerala Kaumudi Online
Tuesday, 30 June 2026 10.57 PM IST

പകുതിയില്‍ അധികം സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തുന്നു; ഇങ്ങനെ പോയാല്‍ 'പ്രിയദര്‍ശിനി' കാരണം സാധാരണക്കാര്‍ വലയും

ksrtc
കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് | ഫയല്‍ ഫോട്ടോ

വയനാട്: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടപ്പിലാക്കിയ ഏറ്റവും ജനകീയമായ പദ്ധതിയായി കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര മാറിക്കഴിഞ്ഞു. ആദ്യ ഘട്ടമെന്ന നിലയില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 15 മുതലാണ് കേരളത്തില്‍ ഈ പദ്ധതി ആരംഭിച്ചത്. എന്നാല്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചപ്പോള്‍ കടുത്ത തിരിച്ചടിയുണ്ടായത് സ്വകാര്യ ബസ് മേഖലയ്ക്കാണ്.

വരുമാന നഷ്ടമുണ്ടാകുന്നു എന്ന് കാണിച്ച് വയനാട് ജില്ലയിലെ സ്വകാര്യ ബസുകള്‍ സൂചന പണിമുടക്ക് നടത്തി. ഇതോടെ ജില്ലയിലെ നല്ലൊരു വിഭാഗം യാത്രക്കാര്‍ക്കും സര്‍ക്കാര്‍ ബസുകളെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിയാണുണ്ടായത്. ജൂലായ് മാസം ഒന്നാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാനാണ് ബസ് ഉടമകള്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. സൂചനാ പണിമുടക്ക് നടന്ന ദിവസം ജില്ലയിലെ യാത്രക്കാര്‍ക്ക് മിക്കയിടങ്ങളിലും ബസ് കാത്ത് മണിക്കൂറുകളോളം റോഡില്‍ ചെലവഴിക്കേണ്ട സ്ഥിതിയുണ്ടായി.

കെഎസ്ആര്‍ടിസി അധിക ട്രിപ്പ് നടത്തിയെങ്കിലും അതുകൊണ്ട് യാത്രക്കാര്‍ക്ക് ഉണ്ടായ ക്ലേശം പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്കായി എത്തിയത് പകുതി കുട്ടികളാണെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ബത്തേരി, പനമരം, അച്ചൂര്‍ തുടങ്ങി ഒട്ടേറെ പ്രദേശങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും സ്വകാര്യ ബസ് സമരം കാരണം ക്ലാസില്‍ എത്താനായില്ലെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ ഓടുന്ന 300 ബസുകളില്‍ 160 ബസുകള്‍ ഓട്ടം നിര്‍ത്തുന്നതായി കാണിച്ച് ജി - ഫോം സമര്‍പ്പിച്ചതായി മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC, PRIVATE BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA