SignIn
Kerala Kaumudi Online
Sunday, 05 July 2026 1.40 AM IST

പി.എസ്.സി നിയമനതട്ടിപ്പ് വിജിലൻസിന് വിടും, അനുമതി തേടി ഉത്തരവ് ഉടനിറങ്ങും

READ ENGLISH VERSION

psc

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കിയ, പി.എസ്.സിയിലെ നിയമന തട്ടിപ്പുകളും പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേടുകളും വിജിലൻസ് അന്വേഷിക്കും. രണ്ട് പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് മേധാവി മനോജ് എബ്രഹാം അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടി. ഉടൻ ലഭിച്ചേക്കും.

അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടും. മന്ത്രിസഭാ യോഗത്തി​ലായി​രി​ക്കും തീരുമാനം.

പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷിക്കാൻ കമ്മിഷൻ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ചെയർമാൻ അന്വേഷണം ഏല്പിച്ചത് വിജിലൻസ് എന്ന് തസ്തികയിൽ പേരുള്ള പരീക്ഷാ കൺട്രോളറെയാണ്.

ആസൂത്രണ ബോർഡിലെ പ്രധാന തസ്തികകളിലേക്കുള്ള പരീക്ഷയിൽ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെ ഒഴിവാക്കിയതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലെ 44 നിയമനത്തിൽ 38 എണ്ണം ഒരു വിദ്യാർത്ഥി സംഘടനയിലുള്ളവർക്കാണെന്നും പരാതിയുണ്ട്. അസി. ഇൻഫർമേഷൻ ഓഫീസർ, ഡിവൈ.എസ്.പി (സ്പെഷ്യൽ റിക്രൂട്ട്മെന്റ്), ലാ കോളേജ് അസി. പ്രൊഫസർ, അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) തുടങ്ങിയ നിയമനങ്ങളിലും ക്രമക്കേടുണ്ടെന്നാണ് ആരോപണം. ചോദ്യപേപ്പർ തയ്യാറാക്കുന്നതിനെക്കുറിച്ചും പരാതികളുണ്ട്.

ചെയർമാനടക്കം നിയമ പരിരക്ഷയില്ല

പി.എസ്.സിക്ക് ഭരണഘടനാ പദവിയുണ്ടെങ്കിലും ചെയർമാനോ അംഗങ്ങൾക്കോ ഗവർണർക്കുള്ളതു പോലെ ക്രിമിനൽ കേസിൽനിന്ന് പരിരക്ഷയില്ല. പ്രതിയാക്കാനും അറസ്റ്റ് ചെയ്യാനും നിയമതടസമില്ല. എന്നാൽ, വിചാരണയ്ക്ക് കേന്ദ്ര അനുമതി വേണം.

നീക്കംചെയ്യൽ കടുപ്പം

ചെയർമാനെയും അംഗങ്ങളെയും സംസ്ഥാന സർക്കാരിന് പുറത്താക്കാനാവില്ല. നിയമനാധികാരി ഗവർണറാണെങ്കിലും നീക്കംചെയ്യാൻ രാഷ്ട്രപതിക്കാണ് അധികാരം. സുപ്രീംകോടതി ജഡ്ജി തലത്തിലെ അന്വേഷണത്തിനു ശേഷമേ രാഷ്ട്രപതിക്കും നീക്കം ചെയ്യാനാവൂ.

കമ്മിഷനിലെ അഴിമതി വിജിലൻസിന് അന്വേഷിക്കാം. സർക്കാർ പണമുപയോഗിച്ച്, സർക്കാരിന് വേണ്ടിയാണ് കമ്മിഷൻ പ്രവർത്തിക്കുന്നത്''

-മനോജ് എബ്രഹാം,

വിജിലൻസ് മേധാവി

മുഖ്യമന്ത്രിക്കുള്ള പരാതികളിൽ

അതിഗുരുതര ആരോപണങ്ങൾ

കെ.എസ്.സുജിലാൽ

തിരുവനന്തപുരം: പല റാങ്ക് ലിസ്റ്റിലും മുന്നിലെത്തിയവരിൽ ഏറെയും ഇടതു ബന്ധമുള്ളവരാണെന്നാണ് മുഖ്യ ആക്ഷേപം. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മന്ത്രി ഒ.ജെ.ജെനീഷ് മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്. പത്തുവർഷം പി.എസ്.സിയെ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നാണ് മന്ത്രി ആരോപിക്കുന്നത്.

ചെയർമാൻ എം.ആർ.ബൈജു, കെ.ജി.ഒ.എ മുൻ സംസ്ഥാനകമ്മിറ്റി അംഗമായി​രുന്നു.

പരീക്ഷാവിഭാഗം അഡിഷണൽ സെക്രട്ടറിയെ സ്വാധീനിച്ച് പരീക്ഷാ മാർക്കുകൾ ചെയർമാന്റെ ചേമ്പറിൽ വരുത്തി മനസിലാക്കുകയും ചെയർമാൻ നേരിട്ട് ഇന്റർവ്യൂ നടത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റിയതായും മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.

പല ഇന്റർവ്യൂകളിലും എക്സ്പെർട്ടായി പങ്കെടുക്കുന്നത് കെ.ജി.ഒ.എ നേതാക്കളാണ്. പ്ലാനിംഗ് ബോർഡ് ചീഫ്, ലാ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, ഡിവൈ.എസ്.പി (സ്പെഷ്യൽ റിക്രൂട്ട്മെന്റ് ) തുടങ്ങിയ തസ്തികകളിലേക്ക് ചെയർമാൻ നേരിട്ടാണ് ഇന്റർവ്യൂ നടത്തിയത്.

കെ.എ.എസ് ഇന്റർവ്യൂവിൽ ചെയർമാൻ നിർദ്ദേശിച്ച ഉയർന്ന മാർക്ക് ഉദ്യോഗാർത്ഥിക്ക് നൽകാൻ എക്സ്പെർട്ടായി പങ്കെടുത്ത പ്രിൻസിപ്പൽ സെക്രട്ടറി തയ്യാറാകാത്ത സാഹചര്യം ഉണ്ടായെന്നും പരാതിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA