SignIn
Kerala Kaumudi Online
Thursday, 10 September 2026 7.07 AM IST

വരാൻ പോകുന്നത് മഴയും 40 കിലോമീറ്റർ വേഗതയിൽ കാറ്റും; വിവിധ ജില്ലക്കാർ സൂക്ഷിക്കണം

READ ENGLISH VERSION
rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. നാളെയോടെ ഇത് മദ്ധ്യ പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്. കൂടാതെ രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്തിരുന്ന ന്യൂന മർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. മദ്ധ്യ പടിഞ്ഞാറൻ അറബിക്കടൽ ന്യുന മർദ്ദം ഒമാൻ തീരത്തിന് സമീപം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

എട്ടാം തീയതി രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ എട്ടാം തീയതി വരെ മദ്ധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ മിക്ക ഭാഗങ്ങളും, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാദ്ധ്യതയുണ്ട്.


ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN, RAIN ALERT, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA