
നിയമപ്രകാരം നടപടി സ്വീകരിക്കും:ചെന്നിത്തല
തിരുവനന്തപുരം: കൊച്ചിയിലെ സി.എം.ആർ.എല്ലിൽ നിന്ന് 3.28 കോടി കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവിക്ക് ഇ.ഡി നൽകിയ റിപ്പോർട്ട് തെളിവായി പരിഗണിച്ച് പിണറായിക്കെതിരെ കേസെടുക്കാൻ നീക്കം. പ്രാഥമിക അന്വേഷണം ഒഴിവാക്കി ഇത്തരത്തിൽ കേസെടുക്കാൻ ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി മിൻഹാജ്അലം അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടി. നിയമോപദേശം സഹിതം ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് നൽകും.
ഡി.ജി.പി കത്ത് പരിശോധിച്ച് ചെയ്യേണ്ടത് നിയമപരമായി തീരുമാനിക്കുമെന്നും നടപടിക്രമമനുസരിച്ച് കാര്യങ്ങൾ ചെയ്യുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാത്തിരിക്കുക എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
വിജിലൻസ് കേസിന് മുമ്പ് പ്രാഥമികാന്വേഷണം നിർബന്ധമാണ്. എന്നാൽ തെളിവുകൾ സഹിതമുള്ള ഇ.ഡി റിപ്പോർട്ടുള്ളതിനാൽ ഇത് ആവശ്യമുണ്ടോയെന്ന നിയമോപദേശമാണ് ആഭ്യന്തരസെക്രട്ടറി തേടിയിരിക്കുന്നത്. പിണറായിയിലേക്ക് നേരിട്ട് വിരൽചൂണ്ടുന്ന മൊഴികളും തെളിവുകളും സഹിതമാണ് ഇ.ഡിയുടെ 25പേജുള്ള റിപ്പോർട്ട്. പിണറായിയും മുഹമ്മദ് റിയാസും ജനപ്രതിനിധികളായതിനാൽ അന്വേഷണത്തിനും കേസിനും വിജിലൻസിന് സർക്കാരിന്റെ അനുമതി വേണം. കള്ളപ്പണ നിരോധന നിയമത്തിലെ 66(2) വകുപ്പ് പ്രകാരമുള്ള ഇ.ഡിയുടെ റിപ്പോർട്ട് ഗൗരവ സ്വഭാവമുള്ളതായതിനാൽ കേസ് നിലനിൽക്കുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ.
66(2) വകുപ്പ് പ്രകാരമുള്ള റിപ്പോർട്ടുള്ളത് കൊണ്ടുമാത്രം കുറ്റം ചുമത്താനാവില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഇ.ഡി നൽകിയ രേഖകളും തെളിവുകളും പരിശോധിച്ച് അഴിമതി നിരോധന നിയമപ്രകാരം കുറ്റം നിലനിൽക്കുമോയെന്ന് സ്വതന്ത്രമായി വിലയിരുത്തണം. അതിനുശേഷമായിരിക്കണം എഫ്.ഐ.ആർ. നേരത്തേ മഹാദേവ് ബെറ്റിംഗ് ആപ്പ് കേസിലെ ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരേ വിജിലൻസ് കേസെടുത്തിരുന്നു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തുന്ന വിവരങ്ങളിൽ മറ്റ് നിയമ ലംഘനം കണ്ടെത്തിയാൽ വിവരം ബന്ധപ്പെട്ട അന്വേഷണ ഏജൻസിക്ക് കൈമാറാൻ ഇ.ഡിയെ അധികാരപ്പെടുത്തുന്നതാണ് ഈ വകുപ്പ്. അഴിമതി, വഞ്ചന, ഗൂഢാലോചന തുടങ്ങിവയുടെ തെളിവുകളടക്കമുള്ളതാണ് ഇ.ഡി റിപ്പോർട്ടെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |