SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

മെഡിക്കൽ വിദ്യാർത്ഥികളുടെ സ്കൂട്ടർ അപകടം : ദാരുണ മരണം രക്തം വാർന്നെന്ന് സൂചന

death
എം.കെ.നന്ദകിഷോർ, അഭിയാൻ എം.റഹ്മാൻ, എസ്.അഭിനവ്

, മരിച്ചത് മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ

കൊയിലാണ്ടി: താമരശ്ശേരി- കൊയിലാണ്ടി സംസ്ഥാന പാതയിൽ മൂന്നു എം.ബി.ബി.എസ് വിദ്യാർത്ഥികൾ റോഡപകടത്തിൽ മരിച്ചത് രക്തം വാർന്നെന്ന് സൂചന. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം നടന്നത് ഒന്നരമണിക്കൂറിലേറെ വൈകിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.

അത്തോളി മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് തുളസിനന്ദനം വീട്ടിൽ എം.കെ.നന്ദകിഷോർ (23), ഒന്നാം വർഷ വിദ്യാർത്ഥികളായ ആലപ്പുഴ കായംകുളം കീരിക്കാട് സൗത്ത് ചേമത്തറയിൽ അഭിയാൻ എം.റഹ്മാൻ(20), പാലക്കാട് എടത്താനാട്ടുകര നാലുകണ്ടം ചൊക്കാത്ത് കളത്തിൽ എസ്.അഭിനവ് (20) എന്നിവരാണ് മരിച്ചത്. കുറുവങ്ങാട് അക്വഡേറ്റിനു സമീപം ഇലക്ട്രിക് സ്‌കൂട്ടർ വൈദ്യുതിപോസ്റ്റിലും മതിലിലും ഇടിച്ചാണ് ദുരന്തം ഉണ്ടായതെന്നാണ് പൊലീസ് റിപ്പോർട്ട്.

പുലർച്ചെ ഒന്നരയോടെ കൊയിലാണ്ടി ഭാഗത്തു നിന്നു മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ഭാഗത്തേക്ക് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു മൂവരും. സുഹൃത്തുക്കളുടെ വീട്ടിൽ നോമ്പുതുറ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിൻ ഭാഗം ആകെ തകർന്നിട്ടുണ്ട്. പിന്നിൽ ഏതോ ഒരു വാഹനം ഇടിച്ചതാകാം എന്നാണ് നാട്ടുകാർ പറയുന്നത്. ഇരുമ്പ് വൈദ്യുതി കാലിലും ഓവു ചാലിന് സമീപത്തെ മതിലിലും സ്‌കൂട്ടർ ഇടിച്ച പാടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇത് സ്ഥിരീകരിച്ചിട്ടില്ല. അപടത്തിൽ പെട്ടവരെ പിന്നീട് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റി.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൈകിട്ട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് അക്കാഡമി ബ്ലോക്കിൽ പൊതുദർശനത്തിനു വച്ചു. സഹപാഠികളും അദ്ധ്യാപകരും കോളേജ് അധികൃതരും അന്ത്യോപചാരമർപ്പിച്ചു.

ദുരന്തത്തിന് ഇരയായവർ

കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് മാലുമേൽ തുളസി നന്ദനത്തിൽ എം.ബി.കിഷോറിന്റെയും ആർ.ബിന്ദുവിന്റെയും മകനാണ് നന്ദ കിഷോർ. സഹോദരി: നവമി. അച്ഛന് വിദേശത്താണ് ജോലി. ആലപ്പുഴ കായംകുളം പുളിമുക്കിന് സമീപം അലങ്കാറിൽ ഡോ. മുജീബ് റഹ്മാന്റെയും (നൂറനാട് ഗവ. ആശുപത്രി അസിസ്റ്റന്റ് സർജൻ ) ഷെജിലയുടെയും മകനാണ് അഭിയാൻ എം.റഹ്മാൻ. സഹോദരി : അലിഷ (എട്ടാംക്ലാസ് വിദ്യാർത്ഥി, ബിഷപ്പ് മൂർ സ്‌കൂൾ).പാലക്കാട് എടത്തനാട്ടുകര നാലുകണ്ടം ചൊക്കത്തി കളത്തിൽ എസ്. അഭിനവ് സി.കെ.സുരേഷിന്റെയും (വിദേശം),രജിത (മലപ്പുറം പൂക്കോട്ടുംപാടം വെറ്ററിനറി സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ)യുടെയും മകനാണ്. സഹോദരൻ: നവനീത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA