SignIn
Kerala Kaumudi Online
Tuesday, 26 May 2026 11.50 AM IST

പങ്കജ് ഭണ്ഡാരിയുടെ മൊഴി: ശബരിമലയിൽനിന്നു മോഷ്ടിച്ച സ്വർണം മറ്റു ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു

sabarimala

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് സ്മാർട്ട് ക്രിയേഷൻ സി.ഇ.ഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. തമിഴ്നാട്ടിലെയും കർണാടകയിലെയും ക്ഷേത്രങ്ങളിലാണ് ഉപയോഗിച്ചതെന്നും വെളിപ്പെടുത്തി.

പ്രത്യേക അന്വേഷണ സംഘം എസ്.പി ശശിധരന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെയും കർണാകടയിലെയും ക്ഷേത്രങ്ങളിൽ പരിശോധന തുടങ്ങി. 2020 മുതൽ സ്മാർട്ട് ക്രിയേഷൻസ് ഏറ്റെടുത്ത നിർമ്മാണങ്ങൾ കണ്ടെത്താനാണ് പരിശോധന. ക്ഷേത്രവുമായി ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തും. കുറ്റപത്രത്തിൽ സാക്ഷി മൊഴിയും സാഹചര്യതെളിവുകളും ഉൾപ്പെടുത്താനാണ് തീരുമാനം. മോഷ്ടിച്ച സ്വർണം തിരിച്ചെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സാക്ഷി മൊഴി നിർണായകമാണ്.

മോഷ്ടിച്ച സർണം എന്തിന് ഉപയോഗിച്ചുവെന്നതായിരുന്നു പ്രത്യേക അന്വേഷണ സംഘത്തെ കുഴക്കിയിരുന്ന ചോദ്യം. 700 ഗ്രാം സ്വർണം മാത്രമാണ് ബെല്ലാരിയിലെ ജുവല്ലറി ഉടമ ഗോവർദ്ധനിൽ നിന്നു പിടിച്ചെടുത്തത്. വി.എസ്.എസ്.സിയുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1700 ഗ്രാം സ്വർണം ശബരിമലയിൽ നിന്നും മോഷ്ടിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാക്കി സ്വർണം എവിടെയെന്ന് കണ്ടെത്താനായി പ്രതികളെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം ലഭിക്കുന്നത്. ലായനി ഉപയോഗിച്ചാണ് സ്വർണം വേർതിരിച്ചതെന്നും മൊഴിയിലുണ്ട്. ഈ ലായനി ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം അടുത്ത ബുധനാഴ്ചയോടെ ലഭ്യമാകും. സ്വർണം വേർതിരിക്കുന്ന ലായനിയുടെ ഘടകങ്ങൾ അറിയാനാണ് ശാസ്ത്രീയ പരിശോധന നടത്തുന്നത്. ഇക്കാര്യം രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് എസ്.ഐ.ടി തീരുമാനം. സ്വർണം വേർതിരിച്ചത് അശാസ്ത്രീയമായാണെന്ന് എസ്.ഐ.ടി കണ്ടെത്തി.

തമിഴ്നാട്ടിലെയും കർണാടകയിലെയും മറ്റു ക്ഷേത്രങ്ങളിലെ കൊടിമരത്തിന്റെ നിർമ്മാണവും അറ്റകുറ്റപ്പണികളുടെയും കരാർ ഈ സംഘം ഏറ്റെടുത്തു. ശബരിമലയിൽ നിന്നു മോഷ്ടിച്ച സ്വർണം ഉപയോഗിച്ചാണ് ഈ ക്ഷേത്രങ്ങളിൽ നിർമ്മാണവും നവീകരണവും നടത്തിയതെന്നാണ് മൊഴി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA