
കണ്ണൂർ:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ആസ്ഥാനമന്ദിരമായ താണ ട്രെയിനിംഗ് സ്കൂളിനു സമീപത്തെ ഇസ്ലാമിക് സെൻററിനു നേരെ ആക്രമണം. പരിക്കേറ്റ നാല് എസ്.കെ.എസ്.എസ്.എഫ് ജില്ലാഭാരവാഹികൾ കണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സ തേടി. സെന്ററിന്റെ വാതിലും ജനലുകളും തകർത്തു. മുസ്ലിംലീഗ് ജില്ലാ നേതാവും മട്ടന്നൂർ മുനിസിപ്പൽ കൗൺസിലറുമായ വി.എൻ മുഹമ്മദലി, ലീഗ് കീഴല്ലൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി അയ്യൂബ് കൊതേരി എന്നിവരുടെ നേതൃത്വത്തിലെത്തിയ അമ്പതോളം പേരാണ് വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആക്രമണം നടത്തിയതെന്ന് എസ്.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുറൂർ പാപ്പിനിശേരി ആരോപിച്ചു.
എസ്.കെ.എസ്.എസ്.എഫ് മട്ടന്നൂർ മേഖലാ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മട്ടന്നൂർ പഴശിയിൽ കൗൺസിൽ സംഗമത്തിനിടെ പ്രാദേശികലീഗ് നേതൃത്വം സംഘർഷത്തിന് ശ്രമിച്ചിരുന്നു. അന്ന് തടസ്സപ്പെട്ട കൗൺസിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി ഇടപെട്ട് വെള്ളിയാഴ്ച ഇസ്ലാമിക് സെന്ററിൽ വിളിച്ചുചേർത്തപ്പോഴാണ് കൗൺസിലർമാരുൾപ്പെടെയുള്ള മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ ഇരച്ചെത്തിയത്. എസ്.കെ.എസ്.എസ്.എഫ് ടൗൺ പൊലീസിൽ പരാതിനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |