SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.34 AM IST

രാജകുടുംബത്തിൽ പിറന്ന് മരുന്നുകളുടെ ലോകത്ത് രാജാവായി...

samoothiri

കോഴിക്കോട്: ഫാർമസി വ്യവസായരംഗത്ത് പകരംവെയ്ക്കാനില്ലാത്ത സംഭാവനകൾ സമർപ്പിച്ചാണ് സാമൂതിരി കുടുംബാംഗമായ പി.കെ.കേരളവർമ്മയുടെ മടക്കം.

ഫാർമസി മേഖലയിലെ സംഭാവനകൾക്കും കയറ്റുമതിക്കുമുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങൾ നേടിയ പ്രമുഖ ഫാർമക്കോളജി വിദഗ്ദ്ധൻ, നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകൻ... അതെല്ലാമാകുന്നു അദ്ദേഹം.

തിരുവണ്ണൂർ പുതിയകോവിലകത്തെ തെക്കെകെട്ട് താവഴി അംഗമാണ്. 2025 ജൂണിൽ കെ.സി.രാമചന്ദ്രൻരാജയുടെ നിര്യാണത്തെത്തുടർന്നാണ് അദ്ദേഹം സാമൂതിരി കുടുംബത്തിന്റെ തലപ്പത്തെത്തിയത്.

1936 സെപ്റ്റംബർ മൂന്നിനായിരുന്നു ജനനം. സാമൂതിരി കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പൂർത്തിയാക്കി. അഹമ്മദാബാദിലെ എൽ.എം.കോളേജ് ഒഫ് ഫാർമസിയിൽനിന്ന് ഫാർമസി ബിരുദം നേടി. മുംബൈയിലെ ജർമ്മൻ റെമഡീസ് മരുന്നുനിർമ്മാണ കമ്പനിയുടെ ഫാക്ടറിയിൽ ജോലി ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫാർമസി വിഭാഗത്തിൽ രണ്ടുവർഷം നോൺ മെഡിക്കൽ ട്യൂട്ടറായിരുന്നു. തുടർന്നാണ് വെസ്റ്റ്ഹിൽ വ്യവസായ എസ്റ്റേറ്റിൽ നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ് ആരംഭിച്ചത്. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുളളവയുടെ ഉത്പാദനത്തിലൂടെയും കയറ്റുമതിയിലൂടെയും സ്ഥാപനം ശ്രദ്ധേയമായി, നിരവധി പുരസ്കാരങ്ങളും ലഭിച്ചു. മുൻ രാഷ്ട്രപതിയും പ്ലാനിംഗ് കമ്മിഷൻ അംഗവുമായിരുന്ന ആർ.വെങ്കിട്ടരാമൻ നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ് സന്ദർശിച്ചിരുന്നു. വ്യവസായരംഗത്തെ സംഘടനാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. കോഴിക്കോട്ടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മാനുഫാക്ചറേഴ്സ് അസോ.പ്രസിഡന്റും ചെറുകിട വ്യവസായ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗവുമായിരുന്നു. കേന്ദ്രസർക്കാരിൻ്റെ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ സമിതിയിൽ അംഗമായി. ആസ്ട്രേലിയ ഉൾപ്പെടെ ഒൻപത് രാജ്യങ്ങൾ സന്ദർശിച്ച് വ്യവസായ വികസനസാദ്ധ്യതകൾ പരിശോധിച്ചു. ലക്ഷദ്വീപിൽ മന്തുരോഗവ്യാപനം തടയുന്നതിനായി സംസ്ഥാനസർക്കാരിന്റെ ഫൈലേറിയാസിസ് റിസർച്ച് സെന്ററുമായി ചേർന്ന് മരുന്ന് കലർത്തിയ കറിയുപ്പ് വിതരണം ചെയ്യുന്ന മാതൃകാപദ്ധതി തയ്യാറാക്കിയ സംഘത്തിലും അംഗമായിരുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലും ഔഷധിയിലും വൈദ്യമഠത്തിലും ഫാർമക്കോളജി ഉപദേശകനുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMOOTHIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA