
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിലും ഡാമുകളിലും അടിഞ്ഞുകിടക്കുന്നത് 5000 കോടി രൂപയിലേറെ മുല്യമുള്ള മണൽ. ഇത് നീക്കിയാൽ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനൊപ്പം സർക്കാരിന് വരുമാനവുമുണ്ടാകും. ജലസംഭരണശേഷി കൂടും. നിർമ്മാണമേഖലയ്ക്കും ഗുണകരം.
2018, 19 വർഷങ്ങളിലെ പ്രളയത്തിലാണ് വൻതോതിൽ മണലടിഞ്ഞത്. എട്ട് ജില്ലകളിലെ 13 നദികളിൽ മാത്രം 1.75കോടി മെട്രിക്‌ടൺ മണലുണ്ട്. ഇതിന് 1500കോടിയിലേറെ മൂല്യമുണ്ടാവുമെന്നും 4വർഷം മുൻപ് സാൻഡ് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. 11 ജില്ലകളിലെ 17നദികളിൽ ഖനനസാദ്ധ്യതയുണ്ട്. ഇതെല്ലാം കൂടിയാവുമ്പോൾ മൂല്യം 3000കോടിയിലേറെ. അണക്കെട്ടുകളിൽ 2000കോടിയിലേറെ മൂല്യമുള്ള മണലുണ്ട്. ഡാമുകളിലെ മണലിന്റെ അളവ് തിട്ടപ്പെടുത്തിയിട്ടില്ലാത്തതിനാൽ 10,000കോടിയോളം മൂല്യമുണ്ടാകാമെന്നാണ് സർക്കാർ വിലയിരുത്തൽ.
ഭാരതപ്പുഴയിൽ 75ലക്ഷത്തോളം മെട്രിക് ടൺ മണലുണ്ടെന്നാണ് കണക്ക്. പാലക്കാട്ടെ മംഗലംഡാമിൽ 50 ലക്ഷം ഘനമീറ്റർ മണലുണ്ട്. തിരുവനന്തപുരത്ത് അരുവിക്കരയിലുമുണ്ട് 20 ലക്ഷംഘനമീറ്റർ മണൽ. ചുള്ളിയാർ, ചിമ്മിനി, മലമ്പുഴ തുടങ്ങിയ ഒമ്പതിടത്ത് 10 മുതൽ 30ലക്ഷം ഘനമീറ്റർ വരെ മണലുണ്ട്. മണലടിഞ്ഞ് റഗുലേറ്ററുകളുടെയും ഏപ്രണിനും ഘടനയ്ക്കുമെല്ലാം തകരാറുണ്ട്. മണലും ചെളിയും നീക്കിയാലേ അറ്റകുറ്റപ്പണി നടത്താനാവൂ. രണ്ടാംഘട്ടമായി 32അണക്കെട്ടുകളിലെ മണൽവാരാനാവും.
ഡാമുകളിൽ 40ശതമാനം മണലും ചെളിയും നിറഞ്ഞിട്ടുണ്ട്. മണലെടുത്താൽ സംഭരണശേഷി 15ശതമാനം കൂട്ടാം. 900 ദശലക്ഷം ഘനമീറ്റർവെള്ളം അധികമായി സംഭരിക്കാം. 5 പുതിയ റിസർവോയറുകൾ സ്ഥാപിക്കുന്ന ഗുണം കിട്ടും. 5000കോടിയുടെ പരോക്ഷ നേട്ടവുമുണ്ടാവും. മണൽ വിറ്റുകിട്ടുന്നതിൽ 20 ശതമാനം തുക അണക്കെട്ടുകളുടെ അറ്റകുറ്റപ്പണിക്കുപയോഗിക്കാം. മൂന്നുമീറ്റർ ആഴത്തിൽ ഖനനം ചെയ്യാനാണ് ശുപാർശ. 44നദികളിൽ 26ലേ സാൻഡ്ഓഡിറ്റിംഗ് നടത്തിയിട്ടുള്ളൂ. വാരിയെടുക്കുന്ന മണൽ പൊതുവിപണിയിൽ വിറ്റഴിച്ച് പൊതുവിപണിയിൽ വിൽക്കാം.
വേണം ചട്ടഭേദഗതി
മണൽ വാരാൻ ചട്ടഭേദഗതി വേണ്ടിവരും. കോടതി ഉത്തരവുകളനുസരിച്ച് മണൽ വാരാനാവില്ല. ഇത് മറികടക്കാനാണ് മൈനിംഗ് ചട്ടം രൂപീകരിച്ച് ഭേദഗതികൾ കൊണ്ടുവരേണ്ടത്. പാരിസ്ഥിതികാനുമതി സർവേ റിപ്പോർട്ടും അംഗീകൃത കൺസൾട്ടന്റുമുണ്ടാവണം.
പിണറായി സർക്കാർ പലവട്ടം മണലെടുപ്പിന് ശ്രമിച്ചെങ്കിലും നടന്നില്ല. അഞ്ച് ജില്ലകളിലെ മണൽവാരാൻ സ്റ്റേറ്റ് അതോറിട്ടി അനുമതി നൽകിയിരുന്നതുമാണ്. അണക്കെട്ടുകളിലെ മണൽവാരൽകരാർ ടെൻഡറില്ലാതെ നേടാൻ റഷ്യയിലെ മലയാളിയുടെ കമ്പനി ശ്രമിച്ചിരുന്നെങ്കിലും വിവാദമായതോടെ ഉപേക്ഷിച്ചു. പമ്പാത്രിവേണിയിലെ മണൽവാരലിലും അഴിമതിയാരോപണമുയർന്നു.
നിർമ്മാണച്ചെലവ് കുറയും
1. ഡാമുകളിലും പുഴകളിലും നിർമ്മാണത്തിന് പറ്റിയ മേൽത്തരം മണലാണ്. മണലില്ലാത്തതിനാൽ പാറപ്പൊടിയാണുപയോഗിക്കുന്നത്.
2. കേരളത്തിലേക്ക് പാറപ്പൊടിയടക്കം ക്വാറി ഉത്പന്നങ്ങൾ കൊണ്ടുപോവുന്നതിന് തമിഴ്നാട് നിരോധനമേർപ്പെടുത്തിയത് നിർമ്മാണമേഖലയെ ബാധിച്ചിട്ടുണ്ട്.
3. വിപണിയിൽ മണലിന്റെ ലഭ്യത കൂടുമ്പോൾ നിർമ്മാണച്ചെലവ് കുറയും. അടിസ്ഥാന സൗകര്യവികസന പദ്ധതികൾ വേഗത്തിലാകും.
''നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കാൻ നടപടി തുടങ്ങി. 8വർഷമായി നീക്കുന്നില്ല. ചെറിയമഴയിൽ പോലും നിറയാൻ കാരണമിതാണ്.""
-വി.ഡി. സതീശൻ,
മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |