തിരുവനന്തപുരം: വേറിട്ട ആവിഷ്‌കാരങ്ങളിലൂടെ സിനിമ ലോകത്ത് ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകൻ ആർ.ശരത് വിടവാങ്ങി. 65 വയസായിരുന്നു. അർബുദബാധിതനായി കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഒന്നിനായിരുന്നു അന്ത്യം. വഴുതക്കാട് ഈശ്വരവിലാസം റോഡിലെ വസതിയായ 'ഈശ്വരവിലാസം ബംഗ്ലാവിലും" ഭാരത് ഭവനിലും പൊതുദർശനത്തിനു വച്ച മൃതദേഹം പൊലീസ് ബഹുമതികളോടെ ശാന്തി കവാടത്തിൽ സംസ്‌കരിച്ചു.
പത്രപ്രവർത്തകനായും തുടർന്ന് പി.ആർ.ഡിയിലും പ്രവർത്തിച്ച ശരത് തിരക്കഥയും സംവിധാനവും നിർവഹിച്ച 'സായാഹ്നം" എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ഷാജി എൻ. കരുണിന്റെ കീഴിൽ ചലച്ചിത്രകല അഭ്യസിച്ച ശരത്തിന്റെ ഈ ആദ്യ സിനിമയ്ക്ക് ഏഴ് സംസ്ഥാന അവാർഡുകളും നവാഗത സംവിധായകനുള്ള ദേശീയ അവാർഡും ലഭിച്ചു.
കൊല്ലം വിളക്കുടി സ്വദേശിയാണ്. പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്. ഭാര്യ: ബിന്ദു ശരത് (റിട്ട.ഹെഡ്മിസ്ട്രസ്). മക്കൾ: അഭിജിത്ത് ശരത്ത് (ഇലക്ട്രിക്കൽ എൻജിനിയർ,ചെന്നൈ), അഭിറാം ശരത്ത് (മോർഗൻ സ്റ്റാൻലി,മുംബയ്). മരുമക്കൾ: അഞ്ജലി സി.ജെ (മാനേജർ, യൂണിയൻ ബാങ്ക്, ഹൈദരബാദ്), അഭിരാമി.ബി (സസ്‌റ്റൈനബിലിറ്റി അഡ്വൈസർ). കേരള കൗമുദിക്കുവേണ്ടി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ്, ഡെപ്യൂട്ടി എഡിറ്റർ എ.സി. റെജി, യൂണിറ്റ് ചീഫ് ആർ. ചന്ദ്രദത്ത് എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |