SignIn
Kerala Kaumudi Online
Thursday, 30 July 2026 3.10 AM IST

ഭരണത്തിന് പുതിയ മുഖം: നൂലാമാലകൾ ഒഴിവാക്കും, നിയമങ്ങൾ ലഘൂകരിക്കും

sec

തിരുവനന്തപുരം: വട്ടംചുറ്റിക്കുന്ന നൂലാമാലകൾ ഒഴിവാക്കിയും ചട്ടങ്ങളും നിയമങ്ങളും കാലാനുസൃതമായി ലഘൂകരിച്ചും ഭരണം മികച്ചതാക്കാൻ അതിവേഗ നടപടികളുമായി സർക്കാർ. ഇതിനായി പൊതുഭരണ വകുപ്പിൽ രൂപീകരിച്ച ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ-എൻജിനിയറിംഗ് സെല്ലിന്റെ തലവനായി പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിനെ നിയമിച്ചു. സെല്ലിന്റെ പ്രവർത്തനത്തിന് 3.09കോടി നൽകും. ചീഫ്സെക്രട്ടറി വഴി മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കുമായിരിക്കും പരിഷ്കരണ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ടത്. ചോദ്യാവലി തയ്യാറാക്കി ജനങ്ങളിൽ നിന്ന് അഭിപ്രായവും തേടും.

ഫയലുകളിൽ തീരുമാനം വൈകാൻ കാരണം കടന്നുപോകുന്ന തലങ്ങളുടെ ആധിക്യവും ആവർത്തിച്ചുള്ള പരിശോധനകളുമാണെന്ന് സർക്കാർ കരുതുന്നു. സെക്രട്ടേറിയറ്റിലെ ഫയൽനീക്കത്തിന്റെ തട്ടുകൾ കുറച്ചും ഓഫീസ് മാന്വലും റൂൾസ് ഒഫ് ബിസിനസും പരിഷ്കരിച്ചും തീരുമാനങ്ങൾ വേഗത്തിലാക്കും. സെക്രട്ടേറിയറ്റ് നിർദ്ദേശങ്ങൾ, വകുപ്പുതല മാന്വലുകൾ, അധികാര വികേന്ദ്രീകരണ ഉത്തരവുകൾ, വകുപ്പുകൾ തമ്മിലുള്ള റഫറൻസുകൾ, പതിവ് അംഗീകാര പ്രക്രിയ എന്നിവ റീ-എൻജിനിയറിംഗ്സെൽ പുനഃപരിശോധിക്കും. ഒഴിവാക്കാവുന്ന പരിശോധനാ ഘട്ടങ്ങളും ആവർത്തിച്ചുള്ള നോട്ടിംഗുകളും അനാവശ്യ റഫറൻസുകളും കണ്ടെത്തും. തുടർച്ചയായി പരിഗണിക്കുന്ന വിഷയങ്ങളിൽ ഫയലുകളുടെ സ്റ്റാൻഡേർഡ് ചെക്ക്‌ലിസ്റ്റുകൾ, അധികാരകൈമാറ്റം, ഡിസിഷൻ-ഗേറ്റ് മാതൃകകൾ, ഇ-ഓഫീസ് വർക്ക്‌ഫ്ലോ എന്നിവയും പരിഷ്കരിക്കും.

അഡ്‌മിനിസിട്രേറ്റീവ് സർവീസ് (കെ.എ.എസ്) ഘടനയും പുനഃപരിശോധിക്കും. കേഡർ തസ്തികകൾ മാറ്റും. സിവിൽ സർവീസുദ്യോഗസ്ഥർക്ക് രണ്ടുവർഷം മിനിമം സേവനകാലാവധി ഉറപ്പാക്കും. സ്ഥലംമാറ്റത്തിനും നടപടിയെടുക്കാനുമുള്ള സിവിൽ സർവീസസ് ബോർഡ് സംവിധാനം ശക്തമാക്കും. അകാല സ്ഥലംമാറ്റങ്ങൾക്കുള്ള കാരണങ്ങൾ രേഖപ്പെടുത്തും. സ്റ്റേറ്റ്-സബോർഡിനേറ്റ്-യൂണിവേഴ്സിറ്റി സർവീസുകൾ, സ്റ്റാറ്റ്യൂട്ടറിബോഡികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾ എന്നിവയുടെ സർവീസ് ചട്ടങ്ങളും സ്പെഷ്യൽറൂളുകളും എസ്റ്റാബ്ലിഷ്മെന്റ് ചട്ടങ്ങളും പരിഷ്കരിക്കും. ഭൂരിഭാഗം ചട്ടങ്ങളും സംയോജിപ്പിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യും. ‌

പദ്ധതി നടത്തിപ്പിൽ

ഉത്തരവാദിത്വം വേണം

പദ്ധതികളുടെ നടത്തിപ്പിനുള്ള നടപടിക്രമങ്ങളും ഭേദഗതിചെയ്യും. വർക്കിംഗ് ഗ്രൂപ്പുകൾ, പ്ലാൻപ്രോജക്ട് രൂപീകരണം, ഭരണ-സാങ്കേതിക-സാമ്പത്തികാനുമതി, പദ്ധതിഅംഗീകാരം, പുനർവിനിയോഗം പ്രോജക്ട് മോണിറ്ററിംഗ് എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവുകൾ പുനഃപരിശോധിക്കും. വിവിധ ഘട്ടങ്ങളിലെ ആവർത്തിച്ചുള്ള പരിശോധനകൾ കുറയ്ക്കും. പദ്ധതിനടത്തിപ്പിൽ വ്യക്തമായ ഉത്തരവാദിത്തം, സമയപരിധി, ഫലപ്രാപ്തി ട്രാക്കിംഗ് നിർബന്ധമാക്കും. വേഗത്തിലുള്ള ഡിജിറ്റൽ അംഗീകാര പ്രക്രിയയ്ക്ക് ചട്ടങ്ങളുണ്ടാക്കും.

നിസാരകുറ്റങ്ങൾ ഒത്തുതീർപ്പാക്കും

വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണംകുറയ്ക്കാൻ നിസാരക്രിമിനൽ കുറ്റങ്ങൾ ഒത്തുതീർപ്പാക്കാനുള്ള നടപടിയെടുക്കും. ബി.എൻ.എസ് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങളുടെ പട്ടികയുണ്ടാക്കും.

ജില്ലാ-സബ് കോടതികളിൽ മൂന്നരലക്ഷത്തോളം കേസുകൾ തീർപ്പാക്കാനുണ്ട്. 2.37ലക്ഷം ക്രിമിനൽ കേസുകളും ഇക്കൂട്ടത്തിലുണ്ട്. മൂന്നുവർഷത്തിലേറെ പഴക്കമുള്ള കേസുകളാണ് ഭൂരിഭാഗവും. ഹൈക്കോടതിയിൽ രണ്ടരലക്ഷത്തോളം കേസുകളാണ് തീർപ്പാക്കാനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SECRETARIAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA