SignIn
Kerala Kaumudi Online
Tuesday, 06 October 2026 6.55 PM IST

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ   ഗുരുതര ആചാര  ലംഘനം, മുടങ്ങിയത് നൂറ്റാണ്ടുകളായി തുടർന്നുകൊണ്ടിരുന്ന അതിപ്രധാന ചടങ്ങ് | EXCLUSIVE

READ ENGLISH VERSION
padmanabha-swami-temple

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഗുരുതര ആചാര ലംഘനം. ഏകാദശി ദിവസം തിരുവമ്പാടി ശ്രീകൃഷ്ണനെ മോഹിനീ അലങ്കാരം ചാർത്തുന്ന ചടങ്ങാണ് ചരിത്രത്തിലാദ്യമായി മുടങ്ങിയത്. കളഭവും കലശവും ഇല്ലാത്ത ഏകാദശികൾക്കാണ് തിരുവമ്പാടി കൃഷ്ണന് ചന്ദനത്തിൽ മോഹിനീ അലങ്കാരം ചാർത്തുന്നത്. ഇത് കാണാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറ്. ഇത്തവണ കൃഷ്ണന്റെ മോഹിനീ രൂപം ദർശിക്കാൻ എത്തിയ ഭക്തർ നിരാശയോടെയാണ് മടങ്ങിയത്. പത്മനാഭസ്വാമി കഴിഞ്ഞാൽ ക്ഷേത്രത്തിൽ പ്രാധാന്യമുള്ളത് തിരുവമ്പാടി കൃഷ്ണനും നരസിംഹ സ്വാമിക്കുമാണ്.

ആവശ്യത്തിന് ചന്ദനം ഇല്ലാതിരുന്നതാണ് മോഹിനീ അലങ്കാരം മുടങ്ങാൻ കാരണമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ആവശ്യമായ ചന്ദനം അരയ്‌ക്കേണ്ടത് കീഴ്‌ശാന്തിമാരാണ്. ഇതിന് അവരെ ചുമതലപ്പെടുത്തുന്നത് മേൽശാന്തിമാരായ നമ്പിമാരാണ്. കുറച്ചുവർഷങ്ങളായി ചന്ദനം അരയ്ക്കുന്നത് യന്ത്രസഹായത്തോടെയാണ്. എന്നാൽ ഏകാദശീ ദിനത്തിന് തൊട്ടുമുമ്പ് യന്ത്രം സർവീസ് ചെയ്യാനായി മാറ്റി. അതിനാൽ ആവശ്യമുള്ള ചന്ദനം കണക്കുകൂട്ടി നേരത്തേ അരച്ചുസൂക്ഷിച്ചു. പക്ഷേ, അത് ആവശ്യമായ അളവിൽ ഉണ്ടായിരുന്നില്ല.

ഇതാണ് പ്രശ്നമായത്. കൈകൊണ്ട് ചന്ദനം അരയ്ക്കുന്ന സംവിധാനം ക്ഷേത്രത്തിൽ നിലവിലുണ്ട്. മോഹിനീ അലങ്കാരം ചാർത്താനുളള ചന്ദനം തികയില്ലെന്ന് മനസിലാക്കിയിട്ടും ഇക്കാര്യം നമ്പിമാരെ അറിയിക്കാനോ കൈകൊണ്ട് ചന്ദനം അരച്ചെടുക്കാനുളള നടപടി സ്വീകരിക്കാനോ കീഴ്‌ശാന്തിമാർ തയ്യാറായില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ശ്രീകാര്യക്കാരൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും എന്നാണ് മനേജർ ഉൾപ്പടെയുള്ളവർ പറയുന്നത്.

ആചാരലംഘനം നടന്നതിൽ ഭക്തർ കടുത്ത നിരാശയിലാണ്. നടന്നത് പൊറുക്കാനാവാത്ത തെറ്റാണെന്നും ഇത് ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഭക്തരുടെ ആവശ്യം.

ഇക്കഴിഞ്ഞ അല്പശി ഉത്സവത്തിന് കൊടിയേറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുവായ സ്ത്രീ ദർശനം നടത്തിയത് വൻ വിവദമായിരുന്നു. ഇതിനെ തുടർന്ന് അല്പശി ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായി നടത്തിയ മണ്ണുനീർ കോരൽ ചടങ്ങുകൾ ഉൾപ്പെടെ വീണ്ടും നടത്താൻ ക്ഷേത്ര തന്ത്രി നി‌ർദ്ദേശിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം മണക്കാട് സ്വദേശിയായ മുസ്ലിം സ്ത്രീ ക്ഷേത്രത്തിലെത്തിയത്. ഇവരെ നേരത്തെ പരിചയമുണ്ടായിരുന്ന ക്ഷേത്രത്തിലുണ്ടായിരുന്നയാളാണ് സ്ത്രീയെ തിരിച്ചറിഞ്ഞത്. തുടർന്ന് ക്ഷേത്രം അധികൃതരെ വിവരമറിയിക്കുകയും ചോദ്യം ചെയ്തപ്പോൾ ഇവർ സമ്മതിക്കുകയുമായിരുന്നു. ഇവരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ കൊടിയേറ്റിന് മുന്നോടിയായി നടത്തുന്ന ദ്രവ്യകലശം,​ മണ്ണുനീർ കോരൽ,​ എന്നിവ ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾ വീണ്ടും നടത്താൻ ക്ഷേത്ര തന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായുള്ള പ്രായശ്ചിത്ത ചടങ്ങുകളും നടന്നു.

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരമനുസരിച്ച് ഹിന്ദുമത വിശ്വാസികൾക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രാർ‌ത്ഥന നടത്തണമെങ്കിൽ ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവരാണെന്ന് സത്യവാങ്മൂലം നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PADMANABHA SWAMI TEMPLE, TRIVANDRUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA