SignIn
Kerala Kaumudi Online
Thursday, 17 September 2026 2.28 AM IST

സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു

flight

ഇടുക്കിയുടെ മണ്ണിൽ വിമാനം പറന്നിറങ്ങുകയെന്നത് മലയോരജനതയുടെ ഏറ്റവും വലിയ സ്വപ്നമാണ്. വണ്ടിപ്പെരിയാർ സത്രത്തിൽ നിർമ്മാണം നടക്കുന്ന എൻ.സി.സിയുടെ രാജ്യത്തെ തന്നെ ഏക എയർസ്ട്രിപ്പ് യാഥാർത്ഥ്യമായാൽ ആ സ്വപ്നം പൂവണിയും. എന്നാൽ ചില പരിസ്ഥിതി സംഘടനകളും സർക്കാർ വകുപ്പുകളും തുടക്കം മുതൽ പദ്ധതിക്ക് ഇടങ്കോലിടാനാണ് ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ കേഡറ്റ് കോറിന്റെ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ പരിധിയിൽ വരുന്ന കേരള എയർ വിംഗ് എൻ.സി.സി 200 സീനിയർ വിംഗ് കേഡറ്റുകൾക്ക് ഫ്ലൈയിംഗ് പരിശീലനവും 1800 കേഡറ്റുകൾക്ക് വിമാനങ്ങളുടെ മാതൃക നിർമ്മാണ ക്ലാസുകളും 1960 മുതൽ തിരുവനന്തപുരത്താണ് നൽകിയിരുന്നത്. 2014ൽ പറക്കൽ പരിശീലനം നിറുത്തി. തുടർന്ന് എൻ.സി.സിയുടെ ആവശ്യപ്രകാരം എയർസ്ട്രിപ്പ് നിർമ്മാണത്തിനായി സർക്കാർ ആദ്യഘട്ടത്തിൽ 12 ഏക്കർ സ്ഥലം ഇടുക്കിയിൽ അനുവദിക്കുകയായിരുന്നു. പ്രതിവർഷം ആയിരം എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ലൈയിംഗ് പരിശീലനം നൽകുന്ന ദേശീയ നിലവാരത്തിലുള്ള പരീശീലനകേന്ദ്രമാണ് ഈ എയർസ്ട്രിപ്പ്. ഇതിൽ 200 കുട്ടികൾക്ക് ഇടുക്കിയിൽ നിന്ന് തന്നെ തിരഞ്ഞെടുത്ത് പരിശീലനം നൽകും.

പ്രതിവർഷം ആയിരം എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ലൈയിംഗ് പരിശീലനം നൽകുന്നതിന് റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്ത് 2017 മേയ് 21നാണ് എയർസ്ട്രിപ്പിന്റെ നിർമ്മാണം ആരംഭിച്ചത്. റൺവേ, വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള ഹാങ്ങർ എന്നിവയടക്കം 90 ശതമാനം ജോലികളും പൂർത്തിയായിരുന്നു. നിർമ്മാണപ്രവർത്തികളെല്ലാം പൂർത്തിയാക്കിയത് സംസ്ഥാന പി.ഡബ്ല്യു.ഡി ബിൽഡിംഗ്സ് വിഭാഗമായിരുന്നു. രാജ്യത്ത് ആദ്യമായാണ് പി.ഡബ്ല്യു.ഡി ഒരു എയർസ്ട്രിപ്പ് നിർമ്മിക്കുന്നത്.

നിർമാണം ഏകദേശം പൂർത്തിയായതിനെ തുടർന്ന് എൻ.സി.സിയുടെ നേതൃത്വത്തിൽ എയർസ്ട്രപ്പിൽ പരീക്ഷണ പറക്കൽ നടത്തി. ഡൽഹിയിൽ നിന്നെത്തിയ എൻ.സി.സിയിലെ സീനിയർ ടെക്നിക്കൽ ടീമായ എയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന എൻ.സി.സിയുടെ ഏറ്റവും പുതിയ മോഡൽ ചെറുവിമാനമായ വൈറസ് എസ്. ഡബ്ല്യു 80 ആണ് പരീക്ഷണ പറക്കലിന് ഉപയോഗിച്ചത്.

ഇതിനിടെയാണ് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റൺവേയുടെ ഒരു ഭാഗം തകർന്നുപോയത്. ഇതിന് ശേഷം വനംവകുപ്പ് ഉയർത്തുന്ന ചില തടസങ്ങൾ കാരണം പദ്ധതി അനന്തമായി നീണ്ടു പോവുകയായിരുന്നു. അടുത്തിടെ വനം- റവന്യൂ വകുപ്പുകൾ തമ്മിൽ നിലനിന്നിരുന്ന ഭൂമി തർക്കം ചർച്ചകളിലൂടെ പരിഹരിച്ചതോടെയാണ് പദ്ധതിക്ക് വഴിതെളിഞ്ഞത്. എയർസ്ട്രിപ്പ് നിർമ്മാണം പൂർത്തിയാക്കാനാവശ്യമായ 6.5 ഏക്കർ ഭൂമി വനംവകുപ്പ് കൈമാറാൻ പീരുമേട് എം.എൽ.എയുടെയും കളക്ടറുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി. പകരം അതേ അളവിലുള്ള ഭൂമി റവന്യൂ വകുപ്പ് വനംവകുപ്പിന് നൽകും. വനംവകുപ്പിന്റെ എതിർപ്പ് മൂലം മൂന്ന് വർഷത്തിലേറെയായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി മുടങ്ങിയ നിലയിലായിരുന്നു. കനത്ത മഴയിൽ റൺവേയുടെ ഒരു ഭാഗം ഇടിഞ്ഞുപോയപ്പോൾ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതും 400 മീറ്റർ റോഡ് ടാറിംഗ് നടത്തുന്നതും വനംവകുപ്പ് തടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായത്. തുടർന്ന്, അഡ്വ. സിറിയക് തോമസ് എം.എൽ.എ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കുകയുമായിരുന്നു. പദ്ധതിക്കായി എൻ.സി.സി നൽകിയ 24 കോടി രൂപയിൽ 14 കോടിയോളം ഇതുവരെ ചെലവഴിച്ചിട്ടുണ്ട്. തകർന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനായുള്ള മണ്ണുപരിശോധനയ്ക്ക് പൊതുമരാമത്ത് വകുപ്പ് ടെൻഡർ വിളിച്ചിട്ടുണ്ട്. 6.5 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്.

പലവിധ ഉപയോഗം

എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ളൈയിംഗ് പരിശീലനം നൽകുന്നതിനാണ് എയർസ്ട്രിപ്പ് സ്ഥാപിക്കുന്നതെങ്കിലും കേരളത്തിന് തന്നെ വലിയ മുതൽക്കൂട്ടാവുന്ന പദ്ധതിയാണിത്. ഇടുക്കിയിൽ ആദ്യമായി വിമാനമിറങ്ങുന്നത് മാത്രമല്ല സത്രം എയർസ്ട്രിപ്പിന്റെ പ്രാധാന്യം. എയർസ്ട്രിപ്പ് യാഥാർത്ഥ്യമായാൽ എയർഫോഴ്സ് വിമാനങ്ങൾക്കും വലിയ ഹെലികോപ്ടറുകൾക്കും അടിയന്തര സാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും. ഭാവിയിൽ വിമാനത്താവളമായി ഉയർത്തിയാൽ എട്ട് കിലോ മീറ്റർ മാത്രം അകലെയുള്ള ശബരിലയിലേക്ക് വരുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് വലിയ പ്രയോജനമാകും. വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് എളുപ്പമെത്താനാകും. എയർസ്ട്രിപ്പിനോടനുബന്ധിച്ച് 20 ഏക്കർ കൂടി ഏറ്റെടുത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ ആലോചിച്ചിരുന്നു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ സംവിധാനമൊരുക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇവിടെ ഒരു ഹെലിപ്പാഡ് സ്ഥാപിക്കും. എന്തെങ്കിലും ദുരന്തമുണ്ടായലോ കാട്ടുതീ കെടുത്തനോ ഹെലികോപ്ടർ ഉപയോഗിക്കാം. ശബരിമല കേന്ദ്രമാക്കി തീർത്ഥാടക ടൂറിസത്തിനും ഇത് ഉപയോഗിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA