
ആലപ്പുഴ: സി.പി.എം വിശാല സംസ്ഥാനസമിതി യോഗത്തിലൂടെ ചർച്ചചെയ്തു തെറ്റുതിരുത്തി മാറ്റത്തിന് ശ്രമിക്കുന്നത് നല്ലതാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിറന്നാൾ ആഘോഷത്തിനിടെ മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിനകത്ത് ചർച്ച ചെയ്ത് തെറ്റു ചൂണ്ടിക്കാണിക്കാനും തിരുത്താനും ആളുണ്ട്. അതുകേട്ട് തെറ്റുതിരുത്താനും സി.പി.എം തയ്യാറുണ്ട്. ഈ രീതി കമ്മ്യൂണിസ്റ്റ് പാർട്ടിയിലല്ലാതെ മറ്റാർക്കുമില്ല. ഇതിനിടെ പിണറായി വിജയൻ രണ്ടു ടേം സംസ്ഥാനം ഭരിച്ചുവെന്നതും ഓർക്കണം. മുമ്പ് ആർക്കും അങ്ങനെയൊരു അവസരം ലഭിച്ചിട്ടില്ല.
പിണറായി വിജയന് രണ്ടു ടേം ലഭിച്ചത് അവരുടെ ഭാഗ്യവും നന്മയും കൊണ്ടാകും. മൂന്നാംഭരണം നഷ്ടപ്പെട്ടത് തിന്മ കൊണ്ടാകാം. ഓരോരുത്തരുടെ കാഴ്ചപ്പാട് അനുസരിച്ച് അതിനെ ചിത്രീകരിക്കാം. ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിക്കും. അതിനെ കുറ്റം പറയാനാകില്ല. മൂന്നാമതും ഭരണം കിട്ടണമെന്ന് ആഗ്രഹിക്കുന്നത് ദുരാഗ്രഹമാണ്. വൈദ്യുതിമുടക്കം വലിയ പ്രശ്നമാണ്. കാലാകാലങ്ങളായി വന്ന സർക്കാരുകൾക്ക് ഉൾക്കാഴ്ചയില്ലാതിരുന്നതിന്റെ തെളിവാണ് വൈദ്യുതിമുടക്കം. ശാശ്വത പരിഹാരത്തിന് ആരും ശ്രമിച്ചില്ല. സംസ്ഥാന സർക്കാർ നൂറുദിവസമായതല്ലേ ഉള്ളൂ, അവരെക്കുറിച്ച് അഭിപ്രായം പറയാൻ പറ്റുന്ന തരത്തിലേക്കായിട്ടില്ല. സർക്കാരിന് തുടക്കത്തിൽ സ്റ്റാർട്ടിംഗ് പ്രശ്നമുണ്ടായിരുന്നു. ചെറിയ ചീറ്റലും പൊട്ടലുമുണ്ടെങ്കിലും ഇപ്പോൾ മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടർ ടി.വി പൊലീസ്
പരിശോധനയിൽ തെറ്റില്ല
റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ പൊലീസ് പരിശോധനയിൽ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഒരു മാദ്ധ്യമം കൈയിലുണ്ടെന്നു കരുതി എന്തു കൊള്ളരുതായ്മയും ചെയ്യാമോ? വ്യവസായ താത്പര്യങ്ങൾക്കായി മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നതും ശരിയല്ല. മാദ്ധ്യമങ്ങൾ നീതിയിൽ ഊന്നിവേണം പ്രവർത്തിക്കാൻ. അതു ചെയ്യാത്തപ്പോൾ ഇത്തരം പരിശോധനകൾ വരുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |