
കൊച്ചി: സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളിലേക്കും എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം മുറുകുന്നു. വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിനു പിന്നാലെയാണിത്. സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച ബുക്കിൽ പരാമർശിക്കപ്പെടുന്ന ചുരുക്കപ്പേരുകാർ ആരാണെന്ന് സ്ഥിരീകരിച്ചശേഷം അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കാൻ ഡി.ജി.പിക്ക് ശുപാർശ നൽകും.
വീണാവിജയന് സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച തുക കൈക്കൂലിയായി കണക്കാക്കി അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ഇ.ഡി റിപ്പോർട്ട് നൽകിയിരുന്നു.
സി.എം.ആർ.എല്ലിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ബുക്കിൽ പണം നൽകിയവരുടെ ചുരുക്കപ്പേരുകളുണ്ട്. സംഭാവനയെന്ന പേരിൽ രാഷ്ട്രീയ നേതാക്കൾ കൈപ്പറ്റിയ തുകയാണെന്നാണ് നിഗമനം. ആർ.സി, കെ.കെ, ഇ.കെ, പി.വി തുടങ്ങിയ പേരുകൾക്കൊപ്പം നൽകിയ തുകയും എഴുതിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി ചോദ്യം ചെയ്‌ത സി.എം.ആർ.എൽ മുൻ ഓഡിറ്റർമാർ, മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ തുടങ്ങിയവരോട് ചുരുക്കപ്പേരുകൾ സംബന്ധിച്ച് അന്വേഷിച്ചതായാണ് വിവരം. ചുരുക്കപ്പേരുകളുമായി യോജിക്കുന്നവരുടെ ബാങ്കിടപാടുകൾ പരിശോധിച്ച ശേഷമാകും അന്വേഷണത്തിന് ശുപാർശ ചെയ്യുക.
മൊഴി തിരുത്താൻ സത്യവാങ്മൂലം
മാസപ്പടിക്കേസിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ മൊഴി നൽകാൻ ഇ.ഡി ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് കൂടുതൽ പേർ സത്യവാങ്മൂലം തിരുത്താൻ അപേക്ഷ നൽകി.
സി.എം.ആർ.എൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ. സുരേഷ്‌കുമാർ, നിലവിലെ ജനറൽ മാനേജർ മനോഹർദാസ് എന്നിവർ തിരുത്തൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭീഷണിയെ തുടർന്നുള്ളതാണ് മുമ്പ് നൽകിയ മൊഴി എന്നാണ് ഇവർ ഇപ്പോൾ പറയുന്നത്. മൊഴി രേഖപ്പെടുത്തിയ പേജിൽ സ്ഥലം ഒഴിച്ചിട്ടെന്നും പിന്നീട് എഴുതിച്ചേർത്തെന്നും ആരോപിച്ചു. കോഴിക്കോട്ടെ റെയ്ഡിനിടെ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ് നൽകിയ മൊഴിയും തിരുത്താൻ ഇ.ഡിക്ക് സത്യവാങ്മൂലം ലഭിച്ചിരുന്നു. മകളെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പേരുകൾ പറയിച്ചെന്നാണ് വാരിസ് ആരോപിച്ചത്. തിരുത്തൽ സത്യവാങ്മൂലം സംബന്ധിച്ച് ഇ.ഡി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സാക്ഷികൾക്ക് ഇതിന് അവകാശമുണ്ടെന്നും അംഗീകരിക്കണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിക്കുമെന്നുമാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |