
ബാലരാമപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വളർച്ചയ്ക്ക് വേഗം പകർന്ന് തലസ്ഥാനത്തെ ആദ്യത്തെ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ നിർമ്മാണത്തിന് ഇന്നലെ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ശിലാസ്ഥാപനം നടത്തി.
വിഴിഞ്ഞത്തിന്റെ ഗുണഫലങ്ങൾ നാട്ടിലെ വ്യവസായങ്ങൾക്കും യുവാക്കൾക്കും തൊഴിലാളികൾക്കും ലഭിക്കുന്നതിന് സഹായിക്കുന്നതാണ് പദ്ധതിയെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഇതിനൊപ്പം നാട്ടിലെ ഇതര വ്യവസായങ്ങളും വളരും.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇയാണ് വിഴിഞ്ഞം ഫ്രൈറ്റ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.
നാല് ഘട്ടങ്ങളിലായി 25 കോടി രൂപയുടെ നിക്ഷേപത്തിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി 2027 ഫെബ്രുവരിയിൽ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കും.
അന്താരാഷ്ട്ര തുറമുഖത്തെത്തുന്ന ചരക്കുകളുടെ കസ്റ്റംസ് ക്ലിയറൻസ് ഉൾപ്പെടെയുള്ള വിവിധ നടപടിക്രമങ്ങൾ ഒരൊറ്റ കേന്ദ്രത്തിൽ ഏകോപിപ്പിച്ച് ചരക്കു നീക്കം സുഗമവും വേഗത്തിലുമാക്കുകയാണ് ലക്ഷ്യം.തുറമുഖാധിഷ്ഠിത ലോജിസ്റ്റിക്സ് രംഗത്ത് കാർഗോ കൈകാര്യം ചെയ്യൽ, വെയർഹൗസിംഗ്, ഗതാഗതം, ഡോക്യുമെന്റേഷൻ, കസ്റ്റംസ് ക്ലിയറൻസ്, ഫ്രൈറ്റ് ഫോർവേഡിംഗ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് തുടങ്ങിയ വിവിധ മേഖലകളിൽ വൻ തൊഴിൽസംരംഭകത്വ അവസരങ്ങൾ ഇതുവഴി തുറക്കപ്പെടും.
ബാലരാമപുരം ട്രാവൻകൂർ സ്പിന്നിംഗ് മിൽസ് വളപ്പിൽ നടന്ന ചടങ്ങിൽ കോവളം എം.എൽ.എ എം.വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഐ.ഇ മാനേജിംഗ് ഡയറക്ടർ ഡോ.കെ.എം അനിൽ മുഹമ്മദ് സ്വാഗതം പറഞ്ഞു. കസ്റ്റംസ് കമ്മീഷണർ ഡോ. റ്റി.ടിജു, ജില്ലാ പഞ്ചായത്തംഗം അഞ്ജിത വിനോദ് കോട്ടുകാൽ, ബോർഡ് ഓഫ് പബ്ലിക് സെക്ടർ എക്സിക്യൂട്ടീവ് ചെയർമാൻ അജിത് കുമാർ.കെ, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് മാനേജിംഗ് ഡയറക്ടർ കൃപകുമാർ.കെ.എസ്, കേരള ഓട്ടോമൊബൈൽസ് മാനേജിംഗ് ഡയറക്ടർ വി.എസ് രാജീവ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |