
കൊല്ലം:തലസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊല്ലം നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ, ചിന്നക്കടയിൽ സി.പി.എം കൊല്ലം ടൗൺ ലോക്കൽ കമ്മിറ്റി സ്ഥാപിച്ചിരുന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തിന്റെ ഫ്ലക്സ് ബോർഡ് തകർത്തു. പ്രകടനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന പ്രവർത്തകൻ യൂത്ത് കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഫ്ലക്സ് തകർത്തത്.
ഇന്നലെ ഉച്ചയ്ക്ക് എസ്.എൻ കോളേജ് ജംഗ്ഷനിൽ നിന്നാണ് എസ്.എഫ്.ഐ പ്രകടനം ആരംഭിച്ചത്. ചിന്നക്കടയിൽ എത്തിയപ്പോഴാണ് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തെ ഫ്ളക്സ് ബോർഡ്, പ്രവർത്തകരിൽ ഒരാൾ ഓടിയെത്തി തകർത്തത്. അതിനുശേഷം വീണ്ടും പ്രകടനത്തിലെത്തി മുദ്രാവാക്യം വിളിച്ച് നടന്നുനീങ്ങുകയായിരുന്നു.
എന്നാൽ പ്രകടനത്തിനിടെ കോടിയേരിയുടെ ഫ്ലക്സ് തകർത്തയാളെ അറിയില്ലെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. എസ്.എഫ്.ഐയുടെ ഘടകങ്ങളിലോ മെമ്പർഷിപ്പിലോ ഉള്ളയാളല്ലെന്നും എങ്ങനെ പ്രകടനത്തിൽ വന്നുവെന്ന് പരിശോധിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു. വിവാദമായതോടെ എസ്.എഫ്.ഐ പ്രവർത്തകർ കോടിയേരിയുടെ ചിത്രമുള്ള പുതിയ ഫ്ലക്സ് ചിന്നക്കടയിൽ സ്ഥാപിച്ചു. പ്രകടനത്തിൽ നുഴഞ്ഞുകയറി ഫ്ലക്സ് തകർത്തയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലം ഈസ്റ്റ് പൊലീസിന് പരാതിയും നൽകി.
രണ്ട് ദിവസം മുൻപ് ബി.ജെ.പി പ്രവർത്തകരുടെ പ്രകടനത്തിനിടയിൽ ചിന്നക്കടയിലും പരിസരത്തുമുണ്ടായിരുന്ന കോൺഗ്രസിന്റെ ഫ്ലക്സുകളും കൊടികളുമെല്ലാം തകർത്തിരുന്നു. കഴിഞ്ഞദിവസം രാത്രി, എസ്.എഫ്.ഐ പ്രകടനത്തിനിടെ കോൺഗ്രസിന്റെ ബോർഡുകളും നശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |