SignIn
Kerala Kaumudi Online
Friday, 11 September 2026 7.41 PM IST

ഗ്രേസ് മാർക്കിന് നീന്തൽ പരിശീലനം: 16 കാരനും പിതാവും മുങ്ങി മരിച്ചു

jyothy
കെ.വി ജ്യോതിരാദിത്യൻ

ചക്കരക്കല്ല് (കണ്ണൂർ): പ്ളസ് ടു പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കുന്നതിനായി നീന്തൽ പരിശീലിക്കുന്നതിനിടെ 16കാരനും രക്ഷിക്കാൻ ഇറങ്ങിയ പിതാവും മുങ്ങിമരിച്ചു. ഏച്ചൂർ ബാങ്ക് സെക്രട്ടറി ചേലോറ സ്‌കൂളിനു സമീപം ചന്ദ്രകാന്തത്തിൽ പി.പി. ഷാജി(50),​ മകൻ കെ.വി. ജ്യോതിരാദിത്യൻ(16) എന്നിവരാണ് ഇന്നലെ രാവിലെ ഏഴ് മണിയോടെ പന്നിയോട്ട് കരിയിൽ പൊതുകുളത്തിൽ മുങ്ങിമരിച്ചത്.

നീന്തുന്നതിനിടെ മുങ്ങിപ്പോയ ജ്യോതിരാദിത്യനെ രക്ഷിക്കാൻ പിതാവും കുളത്തിലേക്ക് ചാടുകയായിരുന്നു. രാവിലെ ആയതിനാൽ പരിസരത്ത് ആരുമുണ്ടായിരുന്നില്ല. കുളത്തിനടുത്ത് ചെരിപ്പും കാറും ശ്രദ്ധയിൽപ്പെട്ട പരിസരവാസി നടത്തിയ തെരച്ചിലിലാണ് കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഏതാനും ദിവസങ്ങളായി ഇവർ നീന്തൽ പരിശീലനത്തിന് എത്തുന്നുണ്ടായിരുന്നു. പരിശീലകനും സാധാരണ വരാറുണ്ടായിരുന്നു. എന്നാൽ, ഇന്നലെ രാവിലെ പരിശീലകൻ എത്തിയിരുന്നില്ല. പിതാവ് ഷാജിക്ക് നീന്തൽ അത്ര വശമുണ്ടായിരുന്നുമില്ല.

ചക്കരക്കല്ല് പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും.

കീഴല്ലൂർ പഞ്ചായത്ത് അസി.സെക്രട്ടറി ഷംനയാണ് ഷാജിയുടെ ഭാര്യ. തുഞ്ചത്ത് ആചാര്യ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജഗത് വിഖ്യാത് ഇളയ മകനാണ്. സഹദേവൻ, ശാന്തിഭൂഷൺ (ഗൾഫ് ), വിനയൻ, രാജേഷ്, ഭാനുമതി, കാഞ്ചന, രതി എന്നിവരാണ് ഷാജിയുടെ സഹോദരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWIMMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA