
കൊച്ചി: ടൂറിസം, പൊതുമരാമത്ത് മന്ത്രിയായിരിക്കെ പി.എ. മുഹമ്മദ് റിയാസ് സമ്പാദിച്ച തുക സംബന്ധിച്ച വിവരങ്ങളാണ് വീണാവിജയന്റെ നോട്ട് ബുക്കിലുള്ളതെന്ന നിലപാടിലുറച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇതു സംബന്ധിച്ച രേഖകളിലും മൊഴികളിലും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും.
ഭീഷണിപ്പെടുത്തി വ്യാജമൊഴി രേഖപ്പെടുത്തിയെന്ന മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ തിരുത്തൽ സത്യവാങ്മൂലം ലഭിച്ചെന്ന് ഇ.ഡി സ്ഥിരീകരിച്ചു. മൊഴി തിരുത്താൻ അവകാശമുണ്ടെങ്കിലും സ്വീകരിക്കണോ വേണ്ടയോയെന്ന് അന്വേഷണ സംഘത്തിന് തീരുമാനിക്കാം. നിയമപരമായാണ് മൊഴി രേഖപ്പെടുത്തി ഒപ്പിട്ടുവാങ്ങിയത്.
20.5 കോടിയുടെ ഇടപാടുകൾ നടത്തിയതായി ബുക്കിൽ എഴുതിയ കാലത്ത് വീണാവിജയന് സ്വന്തമായി വരുമാനമില്ല. ഭർത്താവ് മുഹമ്മദ് റിയാസ് സമ്പാദിച്ച പണമാകാം വീണ കൈകാര്യം ചെയ്‌തത്. ബുക്കിൽ രേഖപ്പെടുത്തിയ കണക്കുകൾക്ക് ബലമേകുന്ന ബാങ്കിടപാട് രേഖകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡി പറയുന്നത്.
ഹവാലയായി പണം കടത്താൻ സഹായിച്ചെന്ന് ഇ.ഡി പറയുന്ന കോഴിക്കോട്ടെ സുഹൃത്തുക്കളെ വിശദമായി വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി വിളിപ്പിക്കും. ആഗസ്റ്റ് 18ന് കോഴിക്കോട്ട് ഒമ്പതിടങ്ങളിൽ റെയ്ഡ് നടത്തിയപ്പോൾ വാരിസിനെ ഉൾപ്പെടെ ചോദ്യം ചെയ്‌തിരുന്നു.
വിദേശത്തും അന്വേഷിക്കും
വിദേശത്തേക്ക് പണം അയച്ചത് കണ്ടെത്താൻ കോടതി വഴി ഇ.ഡി നടപടികൾ സ്വീകരിക്കും. കോടതിയിൽ അപേക്ഷ സമർപ്പിച്ച് അനുമതി വാങ്ങി വിദേശകാര്യ വകുപ്പ് വഴി ബന്ധപ്പെട്ട രാജ്യത്തെ കോടതിക്ക് ഔദ്യോഗികമായി കൈമാറുന്ന ലെറ്റേഴ്സ് റെഗോറ്ററി എന്ന നടപടിയാണിത്. ഇതുവഴി വിദേശത്ത് ഇടപാട് നടത്തിയ സ്ഥാപനത്തിൽ നിന്ന് രേഖകൾ ശേഖരിക്കാൻ കഴിയും.
ഓഡിറ്റർമാരെ വിളിപ്പിക്കും
എക്‌സാലോജിക്കുമായുള്ള പണമിടപാട് നടന്ന കാലത്തെ സി.എം.ആർ.എല്ലിന്റെ ഓഡിറ്റർമാരെ അടുത്തയാഴ്‌ച ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസറും ചീഫ് ജനറൽ മാനേജരുമായിരുന്ന പി. സുരേഷ്‌കുമാർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |