SignIn
Kerala Kaumudi Online
Sunday, 18 October 2026 5.15 AM IST

ടി പി വധക്കേസ്; പ്രതികളെ ഹാജരാക്കി, വധശിക്ഷ നൽകാതിരിക്കാൻ എന്തെങ്കിലും പറയാനുണ്ടോയെന്ന് ഹൈക്കോടതി

READ ENGLISH VERSION
t-p-chandrasekharan

കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഹെെക്കോടതിയിൽ ഹാജരാക്കി. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണോ എന്നതിൽ വാദം കേൾക്കാനാണ് പ്രതികളെ ഹാജരാക്കിയത്. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 12പേരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.

ഓരോ പ്രതിയെയും വിചാരണക്കൂട്ടിലേയ്ക്ക് കയറ്റി കുറ്റങ്ങൾ ബോധിപ്പിക്കുകയാണ് കോടതി. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ ജ്യോതി ബാബുവിനെ ഓൺലൈൻ വഴിയാണ് ഹാജരാക്കിയത്.

വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നൽകാതിരിക്കാൻ കാരണങ്ങളുണ്ടോയെന്ന് പ്രതികളോട് കോടതി ചോദിച്ചു. തങ്ങൾക്ക് വധശിക്ഷ നൽകരുതെന്നും നിരപരാധികളാണെന്നും പൊലീസ് മർദ്ദനമേറ്റെന്നും കുടുംബം തങ്ങളെ ആശ്രയിച്ചാണ് കഴിയുന്നതെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും പ്രതികൾ കോടതിയോട് അഭ്യർത്ഥിച്ചു.

11 പ്രതികളിൽ ആറുപ്രതികളോട് കോടതി കാര്യങ്ങൾ ചോദിച്ചറിയുന്നത് പൂർത്തിയാക്കി. ജ്യോതി ബാബുവിനോട് ഓൺലൈൻ വഴിയും സംവദിച്ചു. മറ്റ് പ്രതികളെയും കേട്ടതിനുശേഷമായിരിക്കും കോടതി തുടർനടപടികൾ സ്വീകരിക്കുക. കേസിൽ ഇന്ന് ശിക്ഷാവിധിയുണ്ടാകില്ലെന്നാണ് വിവരം. ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎൽഎ വിധി കേൾക്കാൻ കോടതിയിൽ നേരിട്ട് എത്തി.

വടകരയ്ക്കടുത്ത് ഒഞ്ചിയത്തുവച്ച് 2012 മേയ് നാലിനാണ് ടി പി കൊല്ലപ്പെട്ടത്. ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎമ്മിൽനിന്ന് വിട്ടുപോയി ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിൽ പ്രതികൾ പകവീട്ടുകയായിരുന്നെന്നാണ് കേസ്.

എം സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, പി കെ കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്ക് വിചാരണക്കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്നുവർഷം കഠിനതടവുമാണ് ശിക്ഷ വിധിച്ചത്. 36 പ്രതികളിൽ മോഹനൻ ഉൾപ്പടെ 24 പേരെ വെറുതെവിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: T P CHANDRASEKHARAN, HIGHCOURT, ACCUSED, PRESENTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA