
തിരുവനന്തപുരം: പൊതു സ്ഥലംമാറ്റത്തിന്റെ മാനദണ്ഡം, അന്തർ ജില്ലാ സ്ഥലംമാറ്റത്തിന് ബാധകമല്ലെന്ന് വ്യക്തമായതോടെ, സർക്കാർ അദ്ധ്യാപകരുടെ ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങളും താത്കാലിക സീനിയോറിറ്റി പട്ടികയും സർക്കാർ റദ്ദാക്കി. അന്തർജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചപ്പോൾ പൊതുസ്ഥലംമാറ്റ മാർഗനിർദ്ദേശത്തിലുൾപ്പെട്ട സേവനകാലയളവ് ഇരട്ടിയായി കണക്കാക്കുന്ന ആനുകൂല്യം, മലയോര/ദുർഘട പ്രദേശങ്ങൾക്കുള്ള വെയിറ്റേജ്, 20 മുൻഗണനാ വിഭാഗങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു. ഇനി അന്തർ ജില്ലാ സ്ഥലംമാറ്റത്തിന് പുതുതായി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകന് ഒരു ജില്ലയിലേക്ക് ഒരു അപേക്ഷ മാത്രമേ പാടുള്ളൂ. താത്പര്യമുള്ള 10 സ്‌കൂളുകൾ തിരഞ്ഞെടുക്കാം.
ആദ്യ നിയമനം ലഭിച്ച ജില്ലയിൽ 5 വർഷം ഒരേ തസ്തികയിൽ സേവനം പൂർത്തിയാക്കിയവർക്കേ അപേക്ഷിക്കാൻ പാടുള്ളൂ. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലേക്ക് അപേക്ഷിക്കുന്നവർക്ക് അഞ്ചുവർഷ വ്യവസ്ഥ ബാധകമല്ല. സ്ഥലംമാറ്റം ലഭിച്ചാൽ അഞ്ചുവർഷം കഴിഞ്ഞേ തിരികെ വരാനാകൂ. വനപ്രദേശങ്ങൾ/ദുർഘട മേഖലകൾ എന്നിവടങ്ങളിലേക്കുള്ള മാറ്റത്തിനും ഇളവ് ബാധകമാണ്.
കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിലെ സേവനത്തിന് നൽകിയിരുന്ന സേവന കാലയളവ് ഇരട്ടിയായി കണക്കാക്കുന്ന ആനുകൂല്യവും മലയോര/ദുർഘട പ്രദേശങ്ങൾക്കുള്ള 1.5 മടങ്ങ് ആനുകൂല്യവും അന്തർ ജില്ലാ സ്ഥലംമാറ്റത്തിന് ബാധകമല്ല. സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ 2027 മാർച്ച് 31 വരെ നിലവിലുള്ള സ്ഥലത്ത് തുടരണം. 2026 സെപ്തംബർ 19 മുതൽ 24 വരെ സ്ഥലംമാറ്റത്തിനായി അപേക്ഷ സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |