
ലക്നൗ: ഐ.ടി, ലോജിസ്റ്റിക്സ് മേഖലയിൽ വൻ കുതിപ്പിനൊരുങ്ങുന്ന ഉത്തർപ്രദേശ് പ്രധാനമായും കണ്ണുവയ്ക്കുന്നത് ഈ രംഗത്തെ മിടുക്കരായ മലയാളി യുവതയെ. യു.പി സർക്കാരിന്റെ ഇൻവെസ്റ്റ് യു.പി വകുപ്പ് സി.ഇ.ഒ വിജയ് കിരൺ ആനന്ദുമായി കേരളത്തിൽ നിന്നുള്ള മാദ്ധ്യമ സംഘം ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐ.ടി രംഗത്ത് പിന്നിലായിപ്പോയ യു.പി നോയിഡ, ഗ്രേറ്റർ നോയിഡ, ലക്നൗ, ഗൊരഖ് പുർ, കാൺപൂർ എന്നിവിടങ്ങളിലുൾപ്പെടെ എട്ട് ഐ.ടി പാർക്കുകളാണ് അഞ്ചു വർഷത്തിനകം തുറക്കുന്നത്. കേരളത്തിൽ പഠിച്ചിറങ്ങുന്ന ടെക്കികൾ ബംഗളൂരുവിലും ഹൈദരാബാദിലുമാണ് കൂടുതലും ചേക്കേറുന്നത്. ഈ ഒഴുക്ക് യു.പിയിലേക്കും തിരിച്ചുവിടുകയാണ് ലക്ഷ്യം.
ഇന്ത്യയിലെയും യു.എസ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെയും വമ്പൻ കമ്പനികളാണ് നിർദ്ദിഷ്ട പാർക്കുകളിൽ വരുന്നതെന്ന് ഇൻവെസ്റ്റ് യു.പി സി.ഇ.ഒ പറഞ്ഞു. നോയിഡയിൽ ഇരുന്നൂറോളം കമ്പനികൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇലക്ട്രിക് വാഹന നിർമ്മാണവും എക്സ്പ്രസ് വേ കോറിഡോറുമാണ് ലോജിസ്റ്റിക്സിലുൾപ്പെടെ വൻ തൊഴിലവസരം വാഗ്ദാനം ചെയ്യുന്ന മറ്റു രണ്ട് മേഖലകൾ.
കേരളവുമായി ചർച്ചയ്ക്ക്
ഇന്ത്യയിലെ എക്സ്‌പ്രസ് വേകളിൽ 55 ശതമാനവും യു.പിയിലാണ്. ഇവിടെ വ്യവസായ ഇടനാഴിക്കായി 20000 കോടി രൂപയാണ് സർക്കാർ മുടക്കുന്നത്. ടൂറിസം, നൈപുണ്യവികസനം തുടങ്ങി കേരളം മുന്നേറുന്ന മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാനുള്ള താത്പര്യവും ഇൻവെസ്റ്റ് യു.പി വകുപ്പ് പ്രകടിപ്പിച്ചു. കേരളം സർക്കാരുമായി ചർച്ചയ്ക്ക് ഉന്നതതല സംഘം വൈകാതെ സന്ദർശനം നടത്തും.
പഴയ യു.പി അല്ല, ഉത്തർപ്രദേശിനെ കുറിച്ച് സുരക്ഷയിലുൾപ്പെടെ നിലനിൽക്കുന്ന ധാരണകൾ മാറ്റണമെന്ന് സർക്കാർ അഭ്യർത്ഥിക്കുന്നു. തൊഴിൽ തേടി വരുന്നവർക്ക് മികച്ച സുരക്ഷ ഉറപ്പാക്കും. ഇതിനായി പ്രത്യേക ഫോഴ്സിനെ നിയോഗിക്കും. യോഗ്യതയ്ക്കും കഴിവിനും അനുസരിച്ച് മികച്ച ശമ്പളവും ഉറപ്പുനൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |