SignIn
Kerala Kaumudi Online
Tuesday, 06 October 2026 6.08 PM IST

'വാതിലുകളൊന്നുമില്ല എല്ലാം പൊട്ടിത്തെറിച്ചു'; തൃപ്പൂണിത്തുറയിലെ അവസ്ഥ ഭയാനകം, പ്രകമ്പനം അനുഭവപ്പെട്ടത് ഒരു കിലോ മീറ്ററിനപ്പുറം

READ ENGLISH VERSION

blast

കൊച്ചി: തൃപ്പൂണിത്തുറയിൽ ഉണ്ടായത് വൻ പടക്ക സ്ഫോടനം. ഒരു കിലോമീറ്റർ അകലെ വരെ പ്രകമ്പനമുണ്ടായി. ചുറ്റുമുള്ള 30 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സമീപത്തുള്ള വീടുകളിൽ വാതിലുകളൊന്നുമില്ലെന്നും എല്ലാം പൊട്ടിത്തെറിച്ചുപോയെന്നും പ്രദേശവാസികൾ പറയുന്നു. വീടുകളുടെ ചില്ലുകളും മേൽക്കൂരകളുമടക്കമുള്ളവ തകർന്നിട്ടുണ്ട്.

പുതിയ കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് ഉപയോഗിക്കാൻ കൊണ്ടുവന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. എല്ലാ വർഷവും വലിയ രീതിയിൽ വെടിക്കെട്ട് നടക്കുന്ന ക്ഷേത്രമാണിത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽ നിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

10.30 ആയിരുന്നു സംഭവം. ആറുയൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവസമയത്ത് അതിന് സമീപം ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമടക്കം 12 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. ഇതിൽ ആദർശ്, അനിൽ, മധു, അനന്തൻ എന്നിവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ദേവപ്രിയേഷ് എന്ന രണ്ടരവയസുകാരനും പരിക്കേറ്റു. സ്ഫോടനത്തിൽ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു മരിച്ചിരുന്നു.

കെട്ടിടത്തിന് അടിയിൽ ഇനിയും സ്ഫോടകവസ്തുക്കൾ ഉണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 300 മീറ്റർ അകലെ വരെ പൊട്ടിത്തെറിയുടെ പ്രകമ്പനമുണ്ടായി. രണ്ട് വാഹനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. സമീപത്തെ കടകളിലേക്കും തീ പടർന്നിരുന്നു. സ്ഫോടനാവശിഷ്ടങ്ങൾ 400 മീറ്റർവരെ അകലേക്ക് തെറിച്ചു വീണു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BLAST, THRIPPUNITHURA BLAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA