SignIn
Kerala Kaumudi Online
Friday, 11 September 2026 8.06 PM IST

വികസനക്കുതിപ്പിന് 4 പുതിയ റെയിൽ പാത

train

മലപ്പുറം, തൃശൂർ, തിരുവനന്തപുരം: അരലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള മുഴുവൻ നഗരങ്ങളിലേക്കും റെയിൽ ഗതാഗതം ഉറപ്പുവരുത്താനുള്ള കേന്ദ്ര പദ്ധതിയിൽ മഞ്ചേരി, മലപ്പുറം,കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നിവ ഉൾപ്പെട്ടതോടെ ടൂറിസം രംഗത്തുൾപ്പെടെ വൻകുതിപ്പിന് വഴിതുറക്കും. നിലനിലെ പാതയുമായി ഈ നഗരങ്ങളെ ബന്ധിപ്പിച്ചാവും പുതിയ ലൈനുകൾ വരിക.

പുതിയ ലൈനുകളുടെ സാദ്ധ്യതാറിപ്പോർട്ട് ഡിസംബർ രണ്ടിനകം അറിയിക്കണമെന്നാണ് സോണൽ മാനേജർമാർക്ക് റെയിൽവേ ബോർഡ് നിർദ്ദേശം നൽകിയിട്ടുള്ളത്.

നിലവിൽ രണ്ട് റെയിൽ പാതകളാണ് മലപ്പുറം ജില്ലയിലൂടെ കടന്നുപോവുന്നത്. തിരുവനന്തപുരം-കാസർക്കോട്, ഷൊർണ്ണൂർ - നിലമ്പൂർ പാതകളാണിത്. പ്രധാന പാതയിൽ തിരൂർ സ്റ്റേഷനാണ് മലപ്പുറം, മഞ്ചേരി നഗരങ്ങളോട് അടുത്തുള്ളത്. തിരൂരിൽ നിന്ന് മലപ്പുറത്തേക്ക് റോഡ് മാർഗം 28 കിലോമീറ്ററും മഞ്ചേരിയിലേക്ക് 44 കിലോമീറ്ററുമുണ്ട്. കോട്ടയ്ക്കൽ ഈ റൂട്ടിലാണ്. നിലമ്പൂർ - ഷൊർണ്ണൂർ പാതയിൽ അങ്ങാടിപ്പുറം സ്റ്റേഷനാണ് മലപ്പുറം, മഞ്ചേരി നഗരങ്ങളോട് അടുത്തുള്ളത്. അങ്ങാടിപ്പുറത്തു നിന്ന് മലപ്പുറത്തേക്ക് 20 കിലോമീറ്ററും മഞ്ചേരിയിലേക്ക് 22 കിലോമീറ്ററുമുണ്ട്. രണ്ടും വിപരീത ദിശയിലുള്ള റൂട്ടുകളാണ്. ഇവയെ ബന്ധിപ്പിച്ചാവണം പുതിയ പാത.

കൊടുങ്ങല്ലൂരിൽ തീർത്ഥാടന

ടൂറിസം വികസിക്കും

ഇടപ്പള്ളി-ഗുരുവായൂർ-തിരൂർ റെയിൽ പാത യാഥാർത്ഥ്യമായാൽ തീർത്ഥാടന ടൂറിസത്തിൽ വൻ മുന്നേറ്റത്തിന് വഴിയൊരുങ്ങും. ഗുരുവായൂർ ക്ഷേത്രം, ചേരമാൻ ജുമാ മസ്ജിദ്, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, അഴീക്കോട്ടെ സെന്റ് തോമാസ് പള്ളി, തിരുവഞ്ചിക്കുളം മഹദേവ ക്ഷേത്രം, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം എന്നീ ദേവാലയങ്ങളെ ഈ റെയിൽപ്പാതയിൽ കൂട്ടിയിണക്കാം. നിർദ്ദിഷ്ട ശബരി പാതയുമായി ബന്ധിപ്പിച്ചാൽ ശബരിമല തീർത്ഥാടനത്തിനും ഗുണകരമാകും. മുസിരിസ് സന്ദർശിക്കാനെത്തുന്ന ചരിത്ര വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും പാത ഉപകരിക്കും. പരമ്പരാഗത തൊഴിൽ ഉല്പന്നങ്ങളായ തഴപ്പായ, കയർ എന്നിവയുടെ വിപണന സാദ്ധ്യതകളും വർദ്ധിക്കും. കൊച്ചി നേവൽ ബേസിൽ നിന്ന് ഏഴിമല നേവൽ അക്കാഡമിയിലേക്ക് കുറഞ്ഞ ദൂരമുള്ള റെയിൽപ്പാതയാകും ഇത്.

തുറമുഖ ചരക്ക് നീക്കത്തിന്
ഉൾപ്പെടെ നെടുമങ്ങാട് പാത

തിരുവനന്തപുരത്തു നിന്ന് നെടുമങ്ങാട് വഴി തെങ്കാശിക്ക് റെയിൽ പാത നിർമ്മിക്കാൻ മുപ്പത് വർഷം മുമ്പ് സർവ്വേ നടത്തിയിരുന്നു. എന്നാൽ തുടർ നടപടികളുണ്ടായില്ല. നെടുമങ്ങാട് വഴി തെൻമലയിലേക്ക് പുതിയ ലൈൻ വന്നാൽ ചെന്നൈയിലേക്ക് വിഴിഞ്ഞം തുറമുഖത്തു നിന്ന് ചരക്ക് നീക്കത്തിന് ഉപകരിക്കും. കുളത്തൂപ്പുഴ, മടത്തറ, പാലോട്, നെടുമങ്ങാട്,കരകുളം വഴിയാണ് തിരുവനന്തപുരം സെൻട്രലിൽ റെയിൽപ്പാത എത്തിച്ചേരുക. തിരുവനന്തപുരം - തെന്മല ലൈനിന്റെ നീളം 61കിലോമീറ്ററായിരിക്കും. ഇതിനെ കൊല്ലം - ചെങ്കോട്ട ലൈനിൽ കണക്ട് ചെയ്യിക്കും.

ശബരി പാതയിലും നെടുമങ്ങാട് ഉൾപ്പെട്ടിട്ടുണ്ട്. ശബരി പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ പുനലൂരിൽ നിന്നു നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കാണ് പാത നീട്ടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA